
ദോഹ: ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം 29 സ്കൂളുകളില്‍ ഫീസ് വര്‍ധിക്കും. പുതിയ അധ്യയന വര്‍ഷം 128 സ്കൂളുകളാണ് ഫീസ് വര്‍ധനക്കായി വിദ്യാഭ്യാസമന്ത്രാലയത്തില്‍ അപേക്ഷ നല്‍കിയത്. ഇതില്‍ 29 സ്കൂളുകളുടെ അപേക്ഷകള്‍ മന്ത്രാലയം അംഗീകരിച്ചു. ഈ സ്കൂളുകളില്‍ അഞ്ചു മുതല്‍ ഏഴു ശതമാനം വരെ ഫീസ് വര്‍ധനവിനാണ് അനുമതി. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് അലി അല്‍ഹമ്മാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നവാഗതര്‍ ഉള്‍പ്പടെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലായി 3.15 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഈ അധ്യയന വര്‍ഷം സ്കൂളിലെത്തിയത്. അനുവദിച്ചിരിക്കുന്ന സീറ്റുകള്‍ പൂര്‍ണമായും നിറയുന്നതോടെ വിദ്യാര്‍ഥികളുടെ എണ്ണം 3.23 ലക്ഷത്തിലധികമാകും. സര്‍ക്കാര്‍ മേഖലയില്‍ 208 സ്കൂളുകളിലായി 1,15,078 വിദ്യാര്‍ഥികളാണുള്ളത്. 68 കെ.ജി സ്കൂളുകളിലായി 8,173 വിദ്യാര്‍ഥികളാണുള്ളത്. അഞ്ചു പുതിയ സ്കൂളുകളിലായി 3168 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി.
പ്രത്യേക ആവശ്യം അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി രണ്ടു പുതിയ സ്കൂളുകളും പ്രവര്‍ത്തനം തുടങ്ങി. സര്‍ക്കാര്‍ മേഖലയില്‍ 14,218 അധ്യാപകരാണുള്ളത്. സ്വകാര്യ സ്കൂളുകളില്‍ നിന്നും 3622 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്കൂളിലേക്ക് മാറിയിട്ടുണ്ട്. പബ്ലിക് സ്കൂളുകളിലെ കെജിയില്‍ 3293 വിദ്യാര്‍ഥികളും ഒന്നാം ഗ്രേഡില്‍ 1688 വിദ്യാര്‍ഥികളും പ്രവേശനം നേടി.
സ്വകാര്യ മേഖലയില്‍ 310 സ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളുമുണ്ട്. ഈ സ്കൂളുകളിലും കെ.ജിയിലുമായി രണ്ടുലക്ഷം വിദ്യാര്‍ഥികളാണുള്ളത്. 25 പുതിയ സ്കൂളുകളിലും കെജിയിലുമായി 15,000 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 9,000 വിദ്യാര്‍ഥികള്‍ ഇതിനോടകം പ്രവേശനം നേടിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.