
ദോഹ: ആറാമത് രാജ്യാന്തര കുതിരയോട്ട മല്‍സരം 7 മുതല്‍ 9 വരെ നടക്കും. ലോകത്തിലെ ഏറ്റവും മികച്ച ഷോ ജംപിങ് ചാംപ്യന്‍ഷിപ്പുകളില്‍ ഒന്നായ ലോങ്ങിന്സ് ഗ്ലോബല്‍ ടൂറിന്റെ (എല്ജിസിറ്റി) ഒന്നാം റൗണ്ട് മല്‍സരങ്ങള്‍ക്കു തൊട്ടുപിന്നാലെയാണു ചി അല്‍ ഷഖബും നടക്കുന്നത്. ത്രിദിന മത്സരത്തില്‍ ലോകത്തിലെതന്നെ മികച്ച കുതിരകളുമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ റൈഡര്മാരാണു മാറ്റുരയ്ക്കുന്നത്. ഖത്തര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് മത്സരം നടക്കുന്നത്.
2012 ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവും 2017 ചി അല്‍ ഷഖബ് ചാംപ്യനുമായ ബ്രിട്ടന്റെ സ്കോട്ട് ബ്രാഷ്, ഞായറാഴ്ച അല്‍ ഷഖബില്‍ നടന്ന ഗ്ലോബല്‍ ചാംപ്യന്‍സ് ടൂര്‍ ഗ്രാന്ഡ്പ്രിക്സിലെ റണ്ണര്‍അപ് ആയ ബ്രിട്ടിഷ് റൈഡര്‍ ബെന്‍ മെഹര്‍, ഓസ്ട്രേലിയയുടെ ഒളിംപിക് റൈഡര്‍ എഡ്വിന ടോപ്സ് ഉള്‍പ്പടെയുള്ളവര്‍ മത്സരത്തിനുണ്ട്.
2016 വേനല്‍ ഒളിംപിക്സില്‍ 6ാം സ്ഥാനത്തെത്തിയ ഷെയ്ഖ് അലി ബിന്‍ ഖാലിദ് അല്‍താനി, ബാസം ഹസന് മുഹമ്മദ്, ഫാലേഹ് സുവൈദ് അല്‍ അജ്മി, ഖാലിദ് അല്‍ ഇമാദി, സല്മെന് സുല്‍ത്താന്‍ എ.എം അല്‍സുവൈദി എന്നിവരുള്‍പ്പെട്ട മികച്ച ടീമിനെയാണു ഖത്തറും രംഗത്തിറക്കുന്നത്.
വമ്പന്‍ സമ്മാനത്തുകയുള്ള മത്സരമാണിത്. മല്‍സരത്തിന്റെ ഭാഗമായി ഒട്ടേറെ വിനോദ സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും ഉണ്ടാകും. ഖത്തറില്‍ ഇതാദ്യമായാണു ലോകനിലവാരത്തിലുള്ള രണ്ടു കുതിരയോട്ട ചാംപ്യന്‍ഷിപ്പുകള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ അരങ്ങേറുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.