Currency

ഗാര്‍ഹിക തൊഴിലാളികളുടെ എക്‌സിറ്റ് പെര്‍മിറ്റ് ഖത്തര്‍ നിര്‍ത്തലാക്കുന്നു

സ്വന്തം ലേഖകന്‍Friday, October 18, 2019 12:46 pm

ദോഹ: ഖത്തറില്‍ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍പെടാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്കടക്കമുള്ള എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ത്തലാക്കുമെന്ന് തൊഴില്‍ സാമൂഹികകാര്യ മന്ത്രി യൂസുഫ് മുഹമ്മദ് അല്‍ ഉഥ്മാന്‍ ഫക്‌റു പറഞ്ഞു. എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാത്ത ഏതാനും വിഭാഗങ്ങളിലുള്ള പ്രവാസികളുടെ എക്‌സിറ്റ് നടപടികളും നിയന്ത്രണവും സംബന്ധിച്ച ആഭ്യന്തര മന്ത്രിയുടെ കരട് തീരുമാനത്തിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ എക്‌സിറ്റ് പെര്‍മിറ്റ് രാജ്യത്തുനിന്ന് പൂര്‍ണമായും ഇല്ലാതാകും. തൊഴില്‍ നിയമം ബാധകമായിട്ടുള്ളവര്‍ക്ക് ഖത്തര്‍ നേരത്തേതന്നെ എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇതിനുപുറത്തുള്ള ഗാര്‍ഹിക തൊഴിലാളികള്‍, ഗവണ്‍മന്റെ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് എക്‌സിറ്റ് ആവശ്യമായിരുന്നു. പുതിയ നടപടിയിലൂടെ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള എക്‌സിറ്റ്കൂടിയാണ് നിര്‍ത്തലാക്കാന്‍ പോകുന്നത്. മറ്റു നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ ഇവരുടെ എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്നത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരും. വിവിധ തൊഴില്‍ തസ്തികകളിലുള്ളവര്‍ക്ക് തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് പോകാനുള്ള എക്‌സിറ്റ് പെര്‍മിറ്റ് (ഖുറൂജ്) സംവിധാനം ഖത്തര്‍ നേരത്തേതന്നെ ഒഴിവാക്കിയിട്ടുണ്ട്. തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് താല്‍ക്കാലികമായോ സ്ഥിരമായോ പോകുന്നതിന് എക്‌സിറ്റ് പെര്‍മിറ്റ് വേണ്ട.

പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2018ലെ 13ാം നമ്പര്‍ പുതിയ നിയമത്തിനാണ് അതിലൂടെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x