Currency

നവംബര്‍ 20 മുതല്‍ ഡിസംബര്‍ 21 വരെ ദോഹ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇളവുകളുമായി ഖത്തര്‍ എയര്‍വേസ്

സ്വന്തം ലേഖകന്‍Friday, November 22, 2019 12:53 pm

ദോഹ: നവംബര്‍ 20 മുതല്‍ ഡിസംബര്‍ 21 വരെ ദോഹ സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്. ഇക്കോണമി, ബിസിനസ് ക്ലാസുകള്‍ക്കെല്ലാം ഓഫറുകള്‍ ലഭ്യമാണ്. കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഖത്തര്‍ എയര്‍വേസ് ഹോളിഡേയ്‌സ് പ്രത്യേക പാക്കേജുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ വിമാന ടിക്കറ്റുകള്‍, വിമാനത്താവള ട്രാന്‍സ്ഫര്‍, ഹോട്ടലുകള്‍, സംഗീത പരിപാടി ടിക്കറ്റുകള്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടും.

ഡിസംബര്‍ അഞ്ചുമുതല്‍ 19 വരെ നടക്കുന്ന ഖത്തര്‍ ലൈവ് പരിപാടിയുടെ ഭാഗമായി പ്രമുഖരുടെ സംഗീത പരിപാടികളും വൈവിധ്യമാര്‍ന്ന ഫെസ്റ്റിവലുകളുമാണ് സംഘടിപ്പിക്കുന്നത്. ഖത്തര്‍ എയര്‍വേസിന്റെയും ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സിലിന്റെയും ആഭിമുഖ്യത്തിലാണ് ഖത്തര്‍ ലൈവ്. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ദോഹയിലേക്കുള്ളവര്‍ക്കും പ്രത്യേക പാക്കേജുകള്‍ ഖത്തര്‍ എയര്‍വേസ് ലഭ്യമാക്കും. സ്‌റ്റോപ് ഓവര്‍ കവറിങ് ഹോട്ടലുകള്‍ ഇതിലുള്‍പ്പെടും. കതാറ ഹോസ്പിറ്റാലിറ്റിയുമായി സഹകരിച്ചാണ് ഖത്തര്‍ എയര്‍വേസ് ഗ്രൂപ് പാക്കേജുകള്‍ തയാറാക്കിയത്. റിറ്റ്‌സ് കാള്‍ട്ടന്‍, ഷെറാട്ടന്‍ ഗ്രാന്‍ഡ് ദോഹ, ശര്‍ഖ് വില്ലേജ് ആന്‍ഡ് സ്പാ, അല്‍ മെസ്സില റിസോര്‍ട്ട് ആന്‍ഡ് സ്പാ, സിമൈസിമ റിസോര്‍ട്ട്, സീലൈന്‍ ബീച്ച് റിസോര്‍ട്ട്, ദി അവന്യൂ ഹോട്ടല്‍, മൂവെന്‍പിക്ക് ഹോട്ടല്‍ തുടങ്ങിയ ഹോട്ടലുകളാണ് പാക്കേജിലുള്ളതെന്ന് ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x