Currency

‘ട്രാവല്‍ ബബിള്‍ ഹോളിഡേയ്‌സ്’: പുതിയ കോവിഡ് കാല പാക്കേജ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

സ്വന്തം ലേഖകന്‍Thursday, November 19, 2020 5:21 pm

ദോഹ: ഖത്തറില്‍ താമസിക്കുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും അവധിക്കാലം ആഘോഷിക്കുന്നതിന് പുതിയ കോവിഡ് കാല പാക്കേജ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ട്രാവല്‍ ബബിള്‍ ഹോളിഡേയ്‌സ് എന്ന് പേരിട്ട പാക്കേജ് വഴി ക്വാന്റൈനോ ഐസൊലേഷനോ റീ എന്‍ട്രി പെര്‍മിറ്റോ ഇല്ലാതെ മാലിദ്വീപില്‍ അവധിക്കാലം ആഘോഷിച്ച് തിരിച്ചുവരാനുള്ള സൗകര്യമാണൊരുക്കിയിരിക്കുന്നത്. ഖത്തര്‍ പുറത്തിറക്കുന്ന കോവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ മാലിദ്വീപിനെ ഉള്‍പ്പെടുത്തിയിന് പിന്നാലെയാണ് ഖത്തര്‍ എയര്‍വേയ്‌സ് മാലിദ്വീപിലേക്ക് പ്രത്യേക അവധിക്കാല പാക്കേജ് പ്രഖ്യാപിച്ചത്.

ഇതനുസരിച്ച് മാലിദ്വീപിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അവധിക്കാലം ചിലവഴിച്ച് തിരിച്ചുവരുന്നതിന് ക്വാറന്റൈനോ ഐസൊലേഷനോ റീ എന്‍ട്രി പെര്‍മിറ്റോ ആവശ്യമില്ല. ഖത്തരി പൗരന്മാര്‍ക്കും ഖത്തറില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഈ പാക്കേജ് ലഭ്യമാണ്. മാലിദ്വീപ് ടൂറിസവുമായി സഹകരിച്ച് ബീച്ചുകളിലും കടലിന് മുകളിലും സജ്ജീകരിച്ചിട്ടുള്ള വാട്ടര്‍ വില്ലകളിലെ താമസം, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ആകര്‍ഷകമായ സംവിധാനങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 1 മുതല്‍ ജനുവരി 7 വരെയാണ് ഈ അവധിക്കാല പാക്കേജിന്റെ കാലാവധി.

മാലിദ്വീപിലേക്കും തിരിച്ചുമുള്ള ടിക്കറ്റ്, താമസം, എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതിന് ശേഷമുള്ള യാത്ര എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. യാത്രയുടെ തൊട്ടു മുമ്പ് ദോഹ വിമാനത്താവളത്തില്‍ വെച്ച് നടത്തുന്ന റാപ്പിഡ് കോവിഡ് ടെസ്റ്റില്‍ നെഗറ്റീവാണെന്ന് തെളിയുന്നവര്‍ക്ക് മാത്രമേ യാത്ര സാധ്യമാകൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x