
ദോഹ: ഖത്തര്‍ എയര്‍വേയ്സിന്റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്കായി ഇരുപത് ഈസി വിസ കേന്ദ്രങ്ങളിലേയ്ക്ക് പ്രത്യേത നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇക്കണോമി, ബിസിനസ് ക്ലാസുകളില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഓണ്‍ലൈന്‍ വഴിയോ, വിസ ഓണ്‍ അറൈവല്‍ സൗകര്യം ഉപയോഗപ്പെടുത്തിയോ ഈ ഓഫര്‍ സ്വന്തമാക്കാം. ഒക്ടോബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 25 വരെയാണ് ഈ പ്രത്യേക ഓഫര്‍ കാലാവധി.
ഈ ഓഫര്‍ അനുസരിച്ച് ഇക്കണോമി ക്ലാസില്‍ 40 ശതമാനവും ബിസിനസ് ക്ലാസില്‍ 30 ശതമാനവും ഇളവ് ലഭിക്കും. ബിസിനസ് ക്ലാസില്‍ ഒന്നിച്ച് യാത്ര ചെയ്യുന്ന രണ്ട് പേര്‍ക്ക് ഇതിനും പുറമെ മറ്റ് ഇളവുകളും ലഭിക്കും.അമ്മാന്‍, ബാക്കു, ബെയ്റൂട്ട്, ബെല്‍ഗ്രേഡ്, ബുക്കാറസ്റ്റ്, ദോഹ, കീവ്, മാലദ്വീപ്, മാപുട്ടോ, നെയ്റോബി, പ്രാഗ്, സരയാവോ, സീഷെല്‍സ്, സോഫിയ, സ്‌കോപിയേ, ബിലിസി, വാഴ്സോ, യെരെവാന്‍, സാഗ്രബ്, സാന്‍സിബാര്‍ എന്നിങ്ങനെയുള്ള ഇരുപത് കേന്ദ്രങ്ങളിലേയ്ക്കാണ് ഇളവുകള്‍ ലഭിക്കുക.
ഖത്തറിലേയ്ക്ക് ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ യാത്രചെയ്യുന്നതിന് കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍നിന്ന് ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്‍കൂട്ടി വിസ ആവശ്യമില്ല. ഒന്നോ അതിലധികമോ യാത്രകളിലായി 30 ദിവസത്തേയ്ക്കാണ് ഇളവ് ലഭിക്കുക. ഈ വിസ ഇളവ് 30 ദിവസത്തേയ്ക്കുകൂടി ദീര്‍ഘിപ്പിക്കാന്‍ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.