Currency

ഖത്തര്‍ ആദ്യ എയര്‍ ബസ് എ 350 വിമാനം ഈ വര്‍ഷം സ്വന്തമാക്കും

സ്വന്തം ലേഖകന്‍Thursday, August 10, 2017 1:42 pm

എയര്‍ ബസിന്റെ എ-350-1000 സീരീസിലുള്ള വിമാനങ്ങള്‍ ഇരട്ട എന്‍ജിനുകളുള്ളവയാണ്. ബെഡ്റൂമുകളോടു കൂടിയ ബിസിനസ് ക്ലാസാണ് ഈ വിമാനത്തിന്റെ പ്രധാന സവിശേഷത. സമ്പന്ന വിഭാഗത്തിന് ഇതിലുള്ള യാത്രയില്‍ താല്‍പര്യം കൂടുമെന്ന പ്രതീക്ഷയാണു ഖത്തര്‍ എയര്‍വെയ്സിനും എയര്‍ ബസിനുമുള്ളത്.

ദോഹ: ഖത്തര്‍ എയര്‍വേയ്സിനുള്ള ആദ്യ എയര്‍ ബസ് എ 350-1000 വിമാനം ഈ വര്‍ഷംതന്നെ ലഭിക്കും. എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേക്കറാണ് ഇക്കാര്യം അറിയിച്ചത്. എയര്‍ ബസിന്റെ ഏറ്റവും പുതിയ വിമാനമായ എ350-1000 ആദ്യം ലഭിക്കുന്ന രാജ്യമാണു ഖത്തര്‍.

വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു സര്‍വീസ് നടത്തുന്നതിനായി 37 വിമാനങ്ങള്‍ക്കാണു ഖത്തര്‍ എയര്‍വേയ്സ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. എ350-1000 വിമാനങ്ങള്‍ ഈ വര്‍ഷം ആദ്യം നല്‍കാമെന്നായിരുന്നു എയര്‍ ബസ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. അതേസമയം അല്‍പം വൈകിയെങ്കിലും ആദ്യവിമാനം ഈ വര്‍ഷംതന്നെ കൈമാറാമെന്ന് എയര്‍ ബസ് അധികൃതര്‍ ഉറപ്പുനല്‍കിയതായി അല്‍ ബേക്കര്‍ പറഞ്ഞു.

എയര്‍ ബസിന്റെ എ-350-1000 സീരീസിലുള്ള വിമാനങ്ങള്‍ ഇരട്ട എന്‍ജിനുകളുള്ളവയാണ്. ബെഡ്റൂമുകളോടു കൂടിയ ബിസിനസ് ക്ലാസാണ് ഈ വിമാനത്തിന്റെ പ്രധാന സവിശേഷത. സമ്പന്ന വിഭാഗത്തിന് ഇതിലുള്ള യാത്രയില്‍ താല്‍പര്യം കൂടുമെന്ന പ്രതീക്ഷയാണു ഖത്തര്‍ എയര്‍വെയ്സിനും എയര്‍ ബസിനുമുള്ളത്. വിമാനത്തില്‍ ലഭ്യമാകുന്ന സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ബിസിനസ്, പ്രിമീയം ഇക്കോണമി, ഇക്കോണമി എന്നിങ്ങനെ മൂന്നു ക്ലാസുകളിലായാണു യാത്രക്കാരെ തിരിക്കുക.

350 യാത്രക്കാര്‍ക്കു സഞ്ചരിക്കാം. കാര്‍ബണ്‍ ഫൈബര്‍, ടൈറ്റാനിയം, അലുമിനിയം അലോയ് എന്നിവ ഉപയോഗിച്ചാണു വിമാനം നിര്‍മിക്കുന്നത്. ഇന്ധനക്ഷമത മറ്റു വിമാനങ്ങളെക്കാള്‍ വളരെ കൂടുതലാണെന്നതും കാര്‍ബണ്‍ പുറന്തള്ളല്‍ കുറവാണെന്നതുമാണു മറ്റു പ്രധാന പ്രത്യേകതകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x