Currency

സ്ഥിരതാമസാനുമതി നിയമത്തിന് ശൂറാകൗണ്‍സിലിന്റെ അംഗീകാരം

സ്വന്തം ലേഖകന്‍Tuesday, May 29, 2018 12:08 pm

ദോഹ: ദീര്‍ഘകാല പ്രവാസികള്‍ക്ക് ഖത്തറില്‍ സ്ഥിരതാമസാനുമതി നല്‍കുന്നതിനുള്ള കരടുനിയമത്തിനു ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. ദീര്‍ഘകാല പ്രവാസിയാണ് എന്നതുകൊണ്ടുമാത്രം ആര്‍ക്കും സ്ഥിരതാമസാനുമതി ലഭിക്കില്ല. ഖത്തറിനു മികച്ച സേവനം നല്‍കിയവര്‍ക്കും ദേശീയ സമ്പദ്വ്യവസ്ഥയ്ക്കു മികച്ച സംഭാവന നല്‍കിയവര്‍ക്കും ഭാവിയിലും സേവനം ആവശ്യമായി വരുന്ന വിദഗ്ധര്‍ക്കുമാണ് സ്ഥിരതാമസാനുമതി ലഭ്യമാകുക. വിദേശിയായ ഭര്‍ത്താവില്‍ ഖത്തരി വനിതയ്ക്കുണ്ടാകുന്ന കുട്ടികള്‍ക്കു സ്ഥിരതാമസാനുമതി നല്‍കാന്‍ കരടുനിയമം ആഭ്യന്തരമന്ത്രിക്ക് അധികാരം നല്‍കുന്നു.

2017 അവസാനമാണു മന്ത്രിസഭ കരടുനിയമം അംഗീകരിച്ചു ശൂറ കൗണ്‍സിലിനു കൈമാറിയത്. സുപ്രധാന നിയമമായതിനാല്‍ വിശദപഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് അംഗീകാരം നല്‍കിയത്. ആര്‍ക്കൊക്കെയാണു സ്ഥിരതാമസാനുമതി നല്‍കണമെന്നകാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിനു കീഴില്‍ ഒരു സ്ഥിരം സമിതി രൂപീകരിക്കണമെന്നും കരടു നിയമം നിര്‍ദേശിക്കുന്നു.

ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഉപസമിതി അധ്യക്ഷന്‍ അബ്ദുല്ല ബിന്‍ ഫഹദ് ബിന്‍ ഗുറാബ് അല്‍ മാരി തയാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ നടന്ന വിശദ ചര്‍ച്ചകള്‍ക്കൊടുവിലാണു കരടു നിയമം അംഗീകരിച്ചതെന്നു ശൂറ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സായിദ് അല്‍ മഹ്മൂദ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x