Currency

ഖത്തറിലെ വ്യാവസായിക മേഖലയില്‍ പുതിയ വാക്‌സിനേഷന്‍ സെന്റര്‍ സജ്ജമാക്കി ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകന്‍Tuesday, April 13, 2021 7:01 pm

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ക്യാംപയിന്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി വ്യാവസായിക മേഖലയില്‍ പുതിയ വാക്‌സിനേഷന്‍ സെന്റര്‍ സജ്ജമാക്കി ആരോഗ്യമന്ത്രാലയം. 120 കുത്തിവെപ്പ് സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്ന സെന്റര്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പഴയ മെഡിക്കല്‍ കമ്മീഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിലാണ് പുതിയ സ്‌പെഷ്യലൈസ്ഡ് കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ ഡോസും രണ്ടാമത്തെ ഡോസും ഇവിടെ വെച്ച് തന്നെ നല്‍കുന്ന രീതിയിലാണ് സെന്ററിന്റെ പ്രവര്‍ത്തനമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഡോ ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സെന്റര്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.

ആഴ്ച്ചയില്‍ ആറ് ദിവസം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയായിരിക്കും സെന്ററിന്റെ പ്രവര്‍ത്തനം. 40 വയസ്സോ അതിന് മുകളിലോ ഉള്ളവരില്‍ അപ്പോയിന്‍മെന്റ് ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ഇവിടെയെത്തി വാക്‌സിന്‍ സ്വീകരിക്കാനാവുക. അപ്പോയിന്‍മെന്റ് മെസ്സേജ്, ഹെല്‍ത്ത് കാര്‍ഡ് അല്ലെങ്കില്‍ ഐഡി കാര്‍ഡോ പാസ്‌പോര്‍ട്ടോ, ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് എന്നിവയാണ് കുത്തിവെപ്പ് എടുക്കാന്‍ വരുന്നയാള്‍ കാണിക്കേണ്ടത്.

സെന്ററിലെത്തിയതിന് ശേഷം അര മണിക്കൂറാണ് കുത്തിവെപ്പ് പൂര്‍ത്തീകരിച്ച് തിരിച്ചിറങ്ങുന്നതിന് വേണ്ട സമയം. ഖത്തര്‍ ആരോഗ്യമന്ത്രാലയം സ്ഥാപിക്കുന്ന നാലാമത്തെ സ്‌പെഷ്യലൈസ്ഡ് കോവിഡ് വാക്‌സിനേഷന്‍ സെന്ററാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേത്. ക്യൂഎന്‍സിസി, ലുസൈല്‍, അല്‍ വക്ര എന്നിവിടങ്ങളിലാണ് മറ്റുള്ളവ പ്രവര്‍ത്തിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x