ദോഹ: യാത്രക്കാര്‍ 50,000 റിയാലില്‍ അധികം മൂല്യമുള്ള കറന്‍സി, നാണയങ്ങള്‍, ആഭരണങ്ങള്‍ എന്നിവ കൈവശമുണ്ടെങ്കില്‍ നിര്‍ബന്ധമായും അറിയിക്കണമെന്ന് കസ്റ്റംസ് അധികൃതരുടെ ഓര്‍മപ്പെടുത്തല്‍. ഖത്തറിലേക്ക് വരുന്നവര്‍ക്കും പുറത്തേക്ക് പോകുന്ന യാത്രക്കാര്‍ക്കും കയറ്റുമതിക്കാര്‍, ഇറക്കുമതിക്കാര്‍ എന്നിവര്‍ക്കും നിര്‍ദേശം ബാധകമാണ്. കൈവശമുള്ള മൂല്യമേറിയ സാധനങ്ങളുടെ വിശദവിവരങ്ങള്‍ വ്യക്തമാക്കി കസ്റ്റംസ് ഡിക്ലറേഷന്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കണമെന്ന് കസ്റ്റംസ് ജനറല്‍ അതോറിറ്റിയുടേതാണ് നിര്‍ദേശം. രാജ്യത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ഇത് ബാധകമാണ്.
50,000 റിയാലില്‍ അധികം മൂല്യമുള്ള കറന്‍സിയാണു രാജ്യത്തേയ്ക്ക് കൊണ്ടുവരുകയോ പുറത്തേയ്ക്ക് കൊണ്ടുപോകുകയോ ചെയ്യുന്നതെങ്കില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍കൂര്‍ അനുമതി തേടിയിരിക്കണം.
കസ്റ്റംസ് ഡിക്ലറേഷന്‍ അപേക്ഷയിലെ വിവരങ്ങളില്‍ വ്യക്തത തേടിയാല്‍ അക്കാര്യം അറിയിക്കണം. യാത്രക്കാരന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ 3 വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷ അല്ലെങ്കില്‍ ഒരു ലക്ഷം റിയാലില്‍ കുറയാത്തതും 5 ലക്ഷം റിയാലില്‍ കൂടാത്തതുമായ തുക അല്ലെങ്കില്‍ കൈമാറ്റം ചെയ്യുന്ന തുകയുടെ മൂല്യത്തിന്റെ ഇരട്ടി എന്നിവയില്‍ ഏതാണോ വലിയ തുക ആ തുക പിഴയായി നല്‍കേണ്ടി വരും. കയ്യിലുള്ള പണവും വസ്തുക്കളും കണ്ടുകെട്ടുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.