ദോഹ: ജോലി സമയം നിജപ്പെടുത്തിയതടക്കം ഗാര്‍ഹിക തൊഴിലാളികള്‍ക്കും തൊഴിലുടമക്കും അവകാശ സംരക്ഷണം ഉറപ്പാക്കുന്ന പുതിയ തൊഴില്‍ കരാര്‍. നിശ്ചിത ജോലി സമയം, വാരാന്ത്യ അവധി, ഓവര്‍ടൈം, രോഗാവധി ആനുകൂല്യങ്ങള്‍ എന്നിവയും തൊഴിലാളിയുടെയും തൊഴിലുടമയുടെയും ഉത്തരവാദിത്തങ്ങളും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇരുകക്ഷികളുടെയും അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കത്തക്ക വിധത്തില്‍ 2017 ലെ 15-ാം നമ്പര്‍ ഗാര്‍ഹിക തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പുതിയ കരാറെന്ന് തൊഴില്‍ മന്ത്രാലയം ഇന്റര്‍നാഷനല്‍ ലേബര്‍ റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഷെയ്ഖ മുഹമ്മദ് അല്‍ ഖാദര്‍ വ്യക്തമാക്കി. ഗാര്‍ഹിക തൊഴില്‍ നിയമം, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍, ഉത്തരവാദിത്തങ്ങള്‍ എന്നിവയെക്കുറിച്ച് 10 ഭാഷകളിലായി വിഡിയോ സന്ദേശങ്ങള്‍, ഗൈഡ്ബുക്കുകള്‍, ലഘുലേഖങ്ങള്‍ എന്നിവയിലൂടെ സമഗ്ര ബോധവല്‍ക്കരണം ആരംഭിച്ചു. മികച്ച തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനുള്ള ക്യാംപെയ്‌നും തുടങ്ങി.
മറ്റു മേഖലകളിലെ തൊഴിലാളികളുടേത് പോലെ തന്നെ പരമാവധി രണ്ടു മണിക്കൂര്‍ ഓവര്‍ടൈമോടു കൂടി പ്രതിദിന തൊഴില്‍ മണിക്കൂര്‍ നിജപ്പെടുത്തിയതാണ് പുതിയ കരാറില്‍ പ്രധാനം. മറ്റു തൊഴിലാളികള്‍ക്ക് ലഭിക്കുന്ന അതേ രോഗാവധി ആനുകൂല്യങ്ങള്‍ തന്നെ ഗാര്‍ഹിക തൊഴിലാളികള്‍ക്കും കിട്ടുമെന്നതാണു രണ്ടാമത്തേത്. തൊഴിലാളിക്കും തൊഴിലുടമയ്ക്കും ന്യായമായ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കരാര്‍ അവസാനിപ്പിക്കുകയും ചെയ്യാം. പുതിയ കരാറിലെ വ്യവസ്ഥകള്‍ സ്വകാര്യ റിക്രൂട്‌മെന്റ് ഏജന്‍സികള്‍ക്കും ഖത്തര്‍ വീസ സെന്ററുകള്‍ക്കും കൈമാറിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.