
ദോഹ: രാജ്യത്ത് കുടുംബ വീസ ലഭിക്കാന്‍ കുറഞ്ഞശമ്പളം 7000 റിയാല്‍ വേണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുതിയ തൊഴില്‍ താമസാനുമതി നിയമം നടപ്പായെങ്കിലും കുടുംബ വീസയും വിദേശ തൊഴിലാളികളുടെ പങ്കാളി, കുട്ടികള്‍ എന്നിവരുടെ താമസാനുമതിയും സംബന്ധിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടില്ല.
കാലാകാലങ്ങളില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ക്കു വിധേയമായാണ് കുടുംബ വീസ നല്‍കുന്നത്. സ്വകാര്യമേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് കുടുംബാംഗങ്ങളെ സ്വന്തം സ്പോണ്സര്ഷിപ്പില് ഖത്തറിലേക്കു കൊണ്ടുവരുന്നതിന് കുറഞ്ഞത് ഏഴായിരം റിയാലിനു മുകളില്‍ ശമ്പളമുണ്ടായിരിക്കണം. അതേസമയം ശമ്പളം 10,000 റിയാലിനു മുകളിലാണെങ്കില്‍ കുടുംബ വീസ ലഭിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഉയര്‍ന്ന ശമ്പളത്തോടൊപ്പം മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന പ്രഫഷനുകളില്‍ ഉള്ളവര്‍ക്കേ കുടുംബ വീസ നല്‍കാറുള്ളൂ.
തൊഴിലാളിയുടെ മാതാപിതാക്കള്‍ക്കും നിശ്ചിത പ്രായപരിധിക്കു മുകളിലുള്ള മക്കള്‍ക്കും താമസാനുമതി നല്‍കുന്നത് ആഭ്യന്തരമന്ത്രിയുടെ വിവേചനാധികാരത്തില്‍പെട്ട കാര്യമാണ്. ഇതിനായി ആഭ്യന്തര മന്ത്രാലയത്തെ നേരിട്ടു സമീപിക്കേണ്ടതുണ്ട്. സ്വകാര്യമേഖലയിലുള്ള തൊഴിലാളികള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, ശമ്പള സര്‍ട്ടിഫിക്കറ്റ്, ആറുമാസത്തെ ബാങ്ക് ഇടപാടിന്റെ രേഖകള്‍ എന്നിവയും അപേക്ഷയ്ക്കൊപ്പം ഹാജരാക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ സാലറി സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതി. അപേക്ഷയില്‍ മൂന്നുദിവസത്തിനകം സമിതി തീരുമാനമെടുക്കുകയും അപേക്ഷ അംഗീകരിച്ചാലും നിരസിച്ചാലും വിവരം മൊബൈലില്‍ എസ്എംഎസ് ആയി ലഭിക്കുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.