Currency

കാലാവസ്ഥാ മാറ്റം: കുട്ടികള്‍ക്ക് ഫ്‌ലൂ കുത്തിവെപ്പ് നിര്‍ബന്ധമാക്കി ഖത്തര്‍

സ്വന്തം ലേഖകന്‍Saturday, December 5, 2020 4:09 pm

ദോഹ: കാലാവസ്ഥാ മാറ്റത്തിന്റെ ഘട്ടത്തിലുണ്ടാകുന്ന ജലജന്യരോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് വേണ്ടി ഖത്തറില്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന സൗജന്യ ഫ്‌ലൂ വാക്‌സിനേഷന്‍ മുഴുവന്‍ കുട്ടികളിലും നിര്‍ബന്ധമായും എടുക്കണമെന്ന് ഖത്തര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ആവശ്യപ്പെട്ടു. ഖത്തറില്‍ തണുപ്പ് കൂടുന്ന മാസങ്ങളാണ് വരാനിരിക്കുന്നത്. അതിനാല്‍ തന്നെ ഫ്‌ലൂ രോഗങ്ങള്‍ കുട്ടികളില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന ഫ്‌ലൂ രോഗങ്ങള്‍ക്കും കോവിഡിനും ഒരേ പോലെയുള്ള ലക്ഷണങ്ങളും സ്വഭാവവുമാണെന്നതിനാല്‍ ജനങ്ങള്‍ പരമാവധി ഫ്‌ലൂ കുത്തിവെപ്പ് സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

കുത്തിവെപ്പ് സ്വീകരിക്കുന്നതിലൂടെ കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിക്കും. കോവിഡ് വൈറസുകളെ ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താനും ഈ വാക്‌സിന് കഴിയുമെന്നും ഖത്തര്‍ പ്രാഥമികാരോഗ്യകേന്ദ്രം മാനേജര്‍ ഡോ. ഖാലിദ് ഹാമിദ് എലവാദ് പറഞ്ഞു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ പ്രത്യേകിച്ചും ആറ് മാസം മുതല്‍ രണ്ട് വയസ്സ് വരെയുള്ളവരില്‍ നിര്‍ബന്ധമായും കുത്തിവെപ്പ് എടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ ഫ്‌ലൂ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടിയാണ് അധികൃതരുടെ നിര്‍ദേശം.

കഴിഞ്ഞ ഒക്ടോബര്‍ 20 മുതലാണ് രാജ്യത്ത് ദേശീയ പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് യജ്ഞം ആരംഭിച്ചത്. രാജ്യത്തെ മുഴുവന്‍ പ്രൈമറി ഹെല്‍ത്ത് കേന്ദ്രങ്ങളിലും ഒപ്പം സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പ് സൗജന്യമാണ്. പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 107 ല്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്തും കുത്തിവെപ്പിനായി പോകാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x