
ദോഹ: പുതിയ ജനസംഖ്യാ നയത്തിനു ഖത്തര്‍ അംഗീകാരം നല്കി. അതിവേഗമുള്ള ജനപ്പെരുപ്പം തടയാനും ജനസംഖ്യാനുപാതത്തിലെ അസന്തുലിതാവസ്ഥകള്‍ പരിഹരിക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ ജനസംഖ്യാ നയം. 2017-22 പഞ്ചവല്‍സര പദ്ധതിക്കാലത്തേക്കുള്ള ജനസംഖ്യാ നയത്തിനു വികസനാസൂത്രണ, കണക്കെടുപ്പു മന്ത്രാലയത്തിനു കീഴിലുള്ള പെര്‍മനന്റ് പോപ്പുലേഷന്‍ കമ്മിറ്റി (പിപിസി)യാണ് അന്തിമ രൂപം നല്‍കിയത്.
വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണവും പ്രവാസി തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി കൂടുന്നതുമാണ് ഖത്തറില്‍ ജനസംഖ്യാ വര്‍ധനവിന് കാരണമെന്നാണ് പിപിസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. രണ്ടാംദേശീയ പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായാണ് ദേശീയ ജനസംഖ്യാനയത്തിനു രൂപം നല്‍കിയത്. 2017ലെ 21-ാം നമ്പര്‍ മന്ത്രിസഭായോഗത്തിലാണ് നയത്തിന് അംഗീകാരം ലഭ്യമായത്.
പുതിയ നയത്തിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്കരണ നീക്കങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് വികസനാസൂത്രണ, കണക്കെടുപ്പു മന്ത്രികൂടിയായ പിപിസി ചെയര്മാന് ഡോ. സലേഹ് ബിന്‍ മുഹമ്മദ് അല്‍ നബിത് പറഞ്ഞു. ഖത്തറിന്റെ ഭാവി വികസനത്തിന് ആവശ്യമായ മനുഷ്യവിഭവശേഷി എത്രയെന്നതാണ് പുതിയ നയത്തിന്റെ കാതല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.