Currency

ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളും: സുഷമ സ്വരാജ്

സ്വന്തം ലേഖകന്‍Tuesday, October 30, 2018 12:23 pm

ദോഹ: വിദ്യാഭ്യാസം, വോട്ടവകാശം, വിമാനയാത്ര, തൊഴില്‍ സുരക്ഷ തുടങ്ങി വിവിധ മേഖലകളില്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ദോഹയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സുഷമ സ്വരാജ്. രണ്ട് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വിദേശകാര്യമന്തി കുവൈത്തിലേക്ക് തിരിക്കും.

ഉത്സവ സീസണുകളില്‍ വിമാന കമ്പനികള്‍ കൊള്ള നടത്തുന്നത് നേരത്തേ തന്നെ വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ പരിഹാരനടപടികള്‍ക്കായി ശ്രമം നടത്തും. പ്രവാസികള്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ തന്നെ വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുങ്ങിയേക്കുമെന്നും സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ചെയ്യാവുന്ന തരത്തില്‍ പ്രോക്‌സി വോട്ടിനാണ് സാധ്യതയെന്നും അവര്‍ സൂചിപ്പിച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകള്‍ റെഗുലറായി പഠിച്ച ശേഷം ബിരുദം നേടിയവര്‍ക്ക് ഖത്തറില്‍ ജോലിക്കായി ശ്രമിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നേരിടുന്ന പ്രയാസം സംബന്ധിച്ച് പ്രവാസി പ്രതിനിധി ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അംബാസഡറെ ഏല്‍പിക്കുന്നതായും സുഷമ സ്വരാജ് മറുപടി പറഞ്ഞു.

ഖത്തറില്‍ കഴിയുന്ന ഹിന്ദു, സിഖ് മത വിശ്വാസികള്‍ക്ക് ആരാധന സൗകര്യത്തിനും മൃതദേഹം സംസ്‌കരിക്കുന്നതിനും സൗകര്യം ഒരുക്കണമെന്ന് ഖത്തര്‍ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ അപേക്ഷിച്ചതായും സുഷമ പറഞ്ഞു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സമൂഹത്തോടുള്ള സ്‌നേഹം അമീര്‍ എടുത്തുപറഞ്ഞതായി സുഷമ സ്വരാജ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x