Currency

പൊതുഗതാഗതം ഇനി ഹൈടെക്; ഖത്തറില്‍ ഏകീകൃത ടിക്കറ്റിങ് സംവിധാനം വരുന്നു

സ്വന്തം ലേഖകന്‍Monday, November 4, 2019 1:36 pm

ദോഹ: രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനം ‘ഹൈ ടെക്’ ആക്കുന്നതിന് ഏകീകൃത ടിക്കറ്റിങ് സംവിധാനം നടപ്പാക്കാനൊരുങ്ങി അധികൃതര്‍. അടുത്തവര്‍ഷത്തോടെ പുതിയ സംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യം. ടിക്കറ്റ് വിതരണവും നിരക്ക് ഈടാക്കുന്നതും ഉള്‍പ്പെടെയുള്ള സമഗ്രമായ ഓട്ടമേറ്റഡ് സംവിധാനമാണ് നടപ്പാക്കുക.

ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനിക സംവിധാനങ്ങളില്‍ ഒന്നാണിത്. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം, ഗള്‍ഫ് ബിസിനസ് മഷീന്‍സ് ഖത്തറും (ജിബിഎം ഖത്തര്‍) സിംഗപ്പൂര്‍ ആസ്ഥാനമായ എംഎസ്ഐ ഗ്ലോബലുമായി ചേര്‍ന്നാണ് പുതിയ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 2022ല്‍ ലോകകപ്പ് മത്സരത്തിനെത്തുന്ന സന്ദര്‍ശകര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പൊതുഗതാഗതം ഉപയോഗിക്കാന്‍ കഴിയും.

സ്മാര്‍ട് ഫോണുകളും സ്മാര്‍ട് വാച്ചുകളും വഴി ടിക്കറ്റ് തുക അടയ്ക്കാം. ഒറ്റ ടിക്കറ്റിലൂടെ യാത്രക്കാര്‍ക്ക് ദോഹ മെട്രോ, ലുസെയ്ല്‍ റെയില്‍ ട്രാന്‍സിറ്റ് സംവിധാനം, കര്‍വ ബസുകള്‍, ടാക്സികള്‍, സമുദ്ര ഗതാഗതം തുടങ്ങി രാജ്യത്തിന്റെ ഏത് പൊതുഗതാഗത സംവിധാനത്തിലും യാത്ര ചെയ്യാം.

ഈ യാത്രാ ടിക്കറ്റ് ഉപയോഗിച്ച് ഷോപ്പിങ്ങും നടത്താം. ഒപ്പം റസ്റ്ററന്റില്‍ നിന്ന് ഭക്ഷണവും വാങ്ങാം. ടിക്കറ്റ് റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം.

യാത്രക്കാര്‍ക്ക് റൂട്ടുകളും സമയവുമെല്ലാം അറിയാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമുണ്ട്. ബസ് റൂട്ടുകള്‍, ഏത് മെട്രോയില്‍ കയറണം, ടാക്സി സമയം, കാര്‍ പാര്‍ക്കിങ് മേഖല തുടങ്ങി പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യാത്രക്കാര്‍ക്ക് ഈ ആപ്പുവഴി അറിയാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x