Currency

കര്‍വ കാറുകളില്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള ഇ പേയ്‌മെന്റ് സംവിധാനം വിപുലമാക്കുന്നു

സ്വന്തം ലേഖകന്‍Monday, December 14, 2020 12:52 pm

ദോഹ: ഖത്തറിലെ പൊതു ടാക്‌സി സംവിധാനമായ കര്‍വ കാറുകളില്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള ഇ പേയ്‌മെന്റ് സംവിധാനം വിപുലമാക്കുന്നു. ആപ്പിള്‍ പേ, ഗൂഗിള്‍ പേ എന്നീ സംവിധാനങ്ങള്‍ ഉടന്‍ തന്നെ കര്‍വ കാറുകളില്‍ സജ്ജമാക്കുമെന്ന് പൊതു ഗതാഗത വിഭാഗമായ മുവാസലാത്ത് അറിയിച്ചു. കര്‍വ ടാക്‌സി സര്‍വീസ് കൂടുതല്‍ എളുപ്പവും കാര്യക്ഷമവും ഒപ്പം സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഡിജിറ്റലൈസേഷന്‍ നടപടികളെന്ന് മുവാസലാത്ത് സിഇഒ ഫഹദ് സാദ് അല്‍ ഖഹ്താനി പറഞ്ഞു.

ഖത്തര്‍ നാഷണല്‍ ബാങ്കുമായി ചേര്‍ന്നാണ് മുവാസലാത്ത് കര്‍വ ടാക്‌സികളിലും ലിമോസിന്‍ സര്‍വീസുകളിലും ആപ്പിള്‍ പേ ഗൂഗിള്‍ പേ സംവിധാനങ്ങള്‍ നടപ്പാക്കുന്നത്. മുഴുവന്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചും ഈ സേവനം ഉപയോഗപ്പെടുത്താം. കര്‍വ ടാക്‌സി ആപ്പ് വഴിയാണ് ഈ പേയ്‌മെന്റ് സംവിധാനം നടത്തേണ്ടത്.

പ്രാദേശിക ബാങ്കുകളെ കൂടി സേവനത്തിന്റെ പരിധിയില്‍ വരുന്നതോടെ നിലവില്‍ ആപ്പിള്‍ പേ ഗൂഗിള്‍ പേ അക്കൗണ്ടുകളുള്ള മുഴുവന്‍ പേര്‍ക്കും സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും. ഖത്തര്‍ പൊതുഗതാഗത സംവിധാനത്തിന്റെ പ്രധാന വിഭാഗങ്ങളിലൊന്നായ കര്‍വ ടാക്‌സികള്‍ 2022 ഓടെ പൂര്‍ണമായും ഇലക്ട്രിക്കലാക്കാനും ഭരണകൂടത്തിന് പദ്ധതിയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x