Currency

മാസ്‌ക് ഒഴിവാക്കരുത്; പരിശോധന കര്‍ശനം, നിയമ ലംഘകര്‍ക്ക് കടുത്ത ശിക്ഷ

സ്വന്തം ലേഖകന്‍Saturday, January 2, 2021 5:22 pm

ദോഹ: പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ അധികൃതര്‍ പിടിമുറുക്കുന്നു. പൊതുസ്ഥലങ്ങളില്‍ പരിശോധന സജീവം. ഡിസംബര്‍ 31 വരെയുള്ള കണക്കു പ്രകാരം മാസ്‌ക് ധരിക്കാത്തതിന് പിടിയിലായവരുടെ എണ്ണം 4,398 ആയി. അറസ്റ്റിലായവരെ കൂടുതല്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 1990ലെ 17-ാം നമ്പര്‍ പകര്‍ച്ചവ്യാധി പ്രതിരോധ നിയമ പ്രകാരമാണ് ലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നത്.

പരമാവധി 2 ലക്ഷം റിയാല്‍ വരെ പിഴയും 3 വര്‍ഷം വരെ തടവും അല്ലെങ്കില്‍ രണ്ടില്‍ ഏതെങ്കിലും ഒരു ശിക്ഷയോ ആണ് ചുമത്തുക. കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത് കഴിഞ്ഞ മേയ് 22 മുതലാണ്. വാഹനങ്ങളില്‍ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ ഒഴികെ ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് മാത്രമാണ് യാത്രാനുമതി.

മാസ്‌ക് ധരിക്കല്‍, വാഹന വ്യവസ്ഥക്ക് പുറമേ സാമൂഹിക അകലവും നിര്‍ബന്ധം. ശൈത്യകാലത്തിന്റെ വരവോടെയാണ് കോവിഡ് പ്രതിരോധവും കൂടുതല്‍ കടുപ്പിച്ചു പരിശോധന കര്‍ശനമാക്കിയത്. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ സാധ്യതകളെപോലും ഇല്ലാതാക്കിയുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കോവിഡ് മുന്‍കരുതല്‍ വ്യവസ്ഥകള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമെതിരെ കര്‍ശന നിയമ നടപടികളാണ് സ്വീകരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x