Currency

എല്ലാ തൊഴിലാളികള്‍ക്കും ഉച്ചവിശ്രമ നിയമം ബാധകമെന്ന് ഖത്തര്‍

സ്വന്തം ലേഖകന്‍Monday, July 1, 2019 1:40 pm

ദോഹ: ഖത്തറില്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഉച്ചവിശ്രമനിയമം പത്ര, ഭക്ഷണ വിതരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. നിയമം ലഘിച്ച് ഇത്തരക്കാരെ ജോലിയെടുപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നും തൊഴില്‍ മന്ത്രാലയ പ്രതിനിധി അറിയിച്ചു.

ജൂണ്‍ പതിനഞ്ച് മുതലാണ് ഖത്തറില്‍ വേനല്‍ കാല ഉച്ചവിശ്രമ നിയമം നിലവില്‍ വന്നത്. അതനുസരിച്ച് രാവിലെ പതിനൊന്നേ മുപ്പത് മുതല്‍ ഉച്ച തിരിഞ്ഞ് 3.30 വരെ പുറം ജോലികളിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം അനുവദിക്കണം.

എന്നാല്‍ പത്ര വിതരണക്കാരും ഹോട്ടലുകള്‍, കഫ്തീരിയകള്‍ എന്നിവയിലെ ഹോം ഡെലിവറി തൊഴിലാളികളും ഈ സമയങ്ങളിലും ജോലി ചെയ്യേണ്ടി വരുന്നതായുള്ള വാര്‍ത്തകള്‍ വിവിധ പത്രങ്ങളും പോര്‍ട്ടലുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് ലേബര്‍ സോഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയത്തിലെ തൊഴില്‍ സുരക്ഷാ ആരോഗ്യ വിഭാഗം മേധാവി ജാബര്‍ അലി അല്‍ മാരിയുടെ പ്രതികരണം.

ഉച്ച വിശ്രമനിയമം സംബന്ധിച്ച സര്‍ക്കുലര്‍ തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ എല്ലാ തരം പുറംതൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. കമ്പനികള്‍ നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തുന്ന പക്ഷം കടുത്ത ശിക്ഷകള്‍ ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x