Currency

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം ഖത്തര്‍

സ്വന്തം ലേഖകന്‍Thursday, January 17, 2019 2:50 pm

ദോഹ: ഖത്തര്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ ഡേറ്റാബേസായ ‘നംബിയോ’യുടെ ക്രൈം ഇന്‍ഡക്സ് 2019 വാര്‍ഷിക റിപ്പോര്‍ട്ടിലാണു ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമെന്ന പദവി ഖത്തറിന് ലഭിച്ചത്. ലോകത്തെ 118 രാജ്യങ്ങളെ കണക്കിലെടുത്താണു ക്രൈം ഇന്‍ഡക്സ് 2019 തയാറാക്കിയത്. ജീവിത ചെലവ്, ആരോഗ്യം, ഗതാഗതം, കുറ്റകൃത്യ നിരക്ക്, മലിനീകരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഡേറ്റാബേസാണു ‘നംബിയോ’. ക്രൈം ഇന്‍ഡക്സില്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവ് സൂചിപ്പിക്കുന്ന 13.26 പോയിന്റുമായാണു ഖത്തറിനെ ഏറ്റവും സുരക്ഷിത രാജ്യമായി തെരഞ്ഞെടുത്തത്.

സേഫ്റ്റി ഇന്‍ഡക്സില്‍ 86.74 പോയിന്റാണു ഖത്തര്‍ നേടിയത്. സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ജപ്പാന്‍ (13.73), യുഎഇ (16.32) എന്നീ രാജ്യങ്ങളാണ്. ലോകത്തെ വിവിധ രാജ്യങ്ങളുടെ കുറ്റകൃത്യ നിരക്കിന്റെ അടിസ്ഥാനത്തില്‍ 2009 മുതല്‍ നംബിയോ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. 2015ല്‍ 21.04, 2016ല്‍ 22.34, 2017ല്‍ 15.70, 2018ല്‍ 13.10 എന്നിങ്ങനെയായിരുന്നു മുന്‍ വര്‍ഷത്തെ നംബിയോ റിപ്പോര്‍ട്ടുകളില്‍ ഖത്തറിന്റെ ക്രൈം ഇന്‍ഡക്സ്. ഓരോ രാജ്യങ്ങളിലെയും നിയമങ്ങള്‍, വിവിധ കുറ്റകൃത്യങ്ങള്‍, നിയമ ലംഘനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണു ക്രൈം ഇന്‍ഡക്സ് തയ്യാറാക്കുന്നത്.

രാജ്യത്തെ മുഴുവന്‍ സുരക്ഷ ഉറപ്പാക്കാനായി ഏകീകൃത സുരക്ഷ സംവിധാനം ഖത്തര്‍ നടപ്പാക്കി വരികയാണ്. ഇതു മൂലം രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ വലിയ കുറവാണുണ്ടായിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x