Currency

ഖത്തറില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ ട്രാഫിക് സോണുകള്‍ രൂപീകരിക്കുന്നു

സ്വന്തം ലേഖകന്‍Monday, March 27, 2017 1:03 pm

അല്‍ ഷമാല്‍ (നോര്‍ത്ത്), അല്‍ ജനൂബ് (സൗത്ത്), അല്‍ മാമുറ, അല്‍ റയ്യാന്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നീ മേഖലകള്‍ കേന്ദ്രമാക്കിയാണ് പുതിയ ട്രാഫിക് സോണുകള്‍ രൂപീകരിക്കുന്നത്.

ദോഹ: അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഖത്തറില്‍ പുതിയ അഞ്ച് ട്രാഫിക് സോണുകള്‍ രൂപീകരിക്കുന്നു. അപകടങ്ങള്‍ കുറയ്ക്കുന്നതിനു പൊതുഗതാഗത വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സോണുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ദേശീയ ഗതാഗത സുരക്ഷാസമിതി ഇതുസംബന്ധിച്ച നിര്‍ദേശത്തിന് അംഗീകാരം നല്‍കി.

അല്‍ ഷമാല്‍ (നോര്‍ത്ത്), അല്‍ ജനൂബ് (സൗത്ത്), അല്‍ മാമുറ, അല്‍ റയ്യാന്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നീ മേഖലകള്‍ കേന്ദ്രമാക്കിയാണ് പുതിയ ട്രാഫിക് സോണുകള്‍ രൂപീകരിക്കുന്നത്. രാജ്യത്തെ വാഹനാപകട മരണങ്ങളില്‍ 75 ശതമാനവും ഉണ്ടാകുന്നത് ഈ അഞ്ചു മേഖലകളിലാണെന്ന കണ്ടെത്തിലനെ തുടര്‍ന്നാണിത്.

രാജ്യത്തെ വാഹനാപകടങ്ങളും അതുമൂലമുള്ള മരണങ്ങളും വിശദമായി പഠിച്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശത്തിന് അംഗീകാരം നല്‍കിയതെന്നു ദേശീയ ഗതാഗത സുരക്ഷാസമിതി ജനറല്‍ സെക്രട്ടറി പറഞ്ഞു. മാത്രവുമല്ല ട്രാഫിക് സോണുകളുടെ പ്രവര്‍ത്തനം ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വളരെ കാര്യക്ഷമമാണെന്നു പല വിദേശരാജ്യങ്ങളിലെയും അനുഭവത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നു ദേശീയ ഗതാഗത സുരക്ഷാ ഓഫിസ് മാനേജര്‍ പ്രഫ. കിം റൈവ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x