ഖത്തറിലെ പുതിയ തൊഴില്‍ നിയമപ്രകാരം ആദ്യമായി രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ ആരംഭിക്കുന്നതിന് ഒരു മാസത്തെ സാവകാശം ലഭിക്കുന്നതായിരിക്കും.
ദോഹ: ഖത്തറിലെ പുതിയ തൊഴില്‍ നിയമപ്രകാരം ആദ്യമായി രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ ആരംഭിക്കുന്നതിന് ഒരു മാസത്തെ സാവകാശം ലഭിക്കുന്നതായിരിക്കും. അടുത്ത മാസം മുതലാണ് രാജ്യത്ത് പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വരുന്നത്. നിലവിൽ ഒരാഴ്ചക്കകമാണ് റെസിഡണ്ട് പെർമിറ്റ് നടപടികൾ ആരംഭിക്കേണ്ടത്.
കഴിഞ്ഞ വർഷമാണ് പുതിയ തൊഴിൽ നിയമത്തിന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അനുമതി നൽകിയിരുന്നത്. രാജ്യത്ത് നിലവിലുണ്ടായിരുന്ന സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതാണ് പുതിയ നിയമം. സ്പോണ്‍സറുടെ അനുമതിയുണ്ടെങ്കില്‍ തൊഴില്‍ കരാര്‍ കാലാവധി തീരുന്നതിനു മുമ്പ് മറ്റൊരിടത്ത് ജോലിക്ക് കയറാൻ പുതിയ നിയമം അനുവദിക്കുന്നുണ്ട്.
അടുത്ത മാസം മുതല്‍ നിലവില്‍ വരുന്ന നിയമം നടപ്പിലാക്കുന്നതിനു വേണ്ടി സെര്‍ച്ച് ആന്റ് ഫോളോഅപ്പ് വിഭാഗം തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം നിലവിൽ ലഭ്യമായ പൊതുമാപ്പ് കാലയളവ് അവസാനിച്ച ശേഷം പിടിക്കപ്പെടുന്ന വിദേശികള്‍ക്ക് ഒരു വിട്ടുവീഴ്ചയും ലഭിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ജാബിര്‍ അല്‍ലിബ്ദ അര്‍റായ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.