Currency

ഇന്ത്യയില്‍ ഖത്തറിന്റെ രണ്ടാം വിസ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

സ്വന്തം ലേഖകന്‍Sunday, March 31, 2019 6:43 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഖത്തറിന്റെ രണ്ടാം വിസ സെന്റര്‍ മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യയില്‍ ഖത്തര്‍ സ്ഥാപിക്കുന്ന ഏഴ് വിസാ സേവന കേന്ദ്രങ്ങളില്‍ രണ്ടാമത്തേതാണ് മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഖത്തറിലേക്ക് ജോലി നോക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിസാ സംബന്ധമായ മുഴുവന്‍ നടപടിക്രമങ്ങളും ഈ സെന്ററില്‍ വെച്ച് പൂര്‍ത്തീകരിക്കാന്‍ കഴിയും. നിലവില്‍ ഖത്തറിലെത്തിയതിന് ശേഷം മാത്രം നടത്തുന്ന കരാര്‍ ഒപ്പുവെക്കല്‍, സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍, മെഡിക്കല്‍ പരിശോധന, ഫിംഗര്‍ പ്രിന്റ് തുടങ്ങി സേവനങ്ങളെല്ലാം വിസാ സെന്ററില്‍ ലഭ്യമാകും.

അറബിക്, ഇംഗ്ലീഷ് ഭാഷകളെ കൂടാതെ ഹിന്ദിയിലും ഈ സെന്ററില്‍ സേവനം ലഭ്യമാകും. ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ലക്‌നൗ, കൊല്‍ക്കത്ത സെന്ററുകളും അടുത്ത മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. ഖത്തറില്‍ തൊഴില്‍ തേടുന്നവര്‍ക്കും കമ്പനികള്‍ക്കും ഒരേ പോലെ സൗകര്യപ്രദമാണ് വിസ സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം.

ഇന്ത്യയിലെ ഖത്തര്‍ കോണ്‍സുല്‍ ജനറല്‍ സെയ്ഫ് ബിന്‍ അലി അല്‍ മുഹന്നദി, ഖത്തര്‍ വിസ സപ്പോര്‍ട്ട് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ അബ്ദുള്ള ഖലീഫ അല്‍ മുഹന്നദിയും തുടങ്ങിയവര്‍ ചേര്‍ന്നാണ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x