ദോഹ: ആശുപത്രികളിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന രോഗികളുടെ പുനരധിവാസ സേവനങ്ങള്‍ക്കും പരിചരണത്തിനും ഇനി ഹെല്‍പ് ലൈനില്‍ ബന്ധപ്പെടാം. ഖത്തര്‍ പുനരധിവാസ ഇന്‍സ്റ്റിറ്റ്യൂട്ട് (ക്യുആര്‍ഐ) ആണ് പ്രഥമ പുനരധിവാസ ഹെല്‍പ് ലൈനിന് തുടക്കമിട്ടത്. കുട്ടികള്‍, മുതിര്‍ന്നവര്‍, വയോധികര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് ഹെല്‍പ് ലൈന്‍ സേവനം ലഭിക്കുന്നത്.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷവും പൂര്‍ണ രോഗമുക്തിയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുകയാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം. വാഹനാപകടം, സ്ട്രോക്ക്, ശസ്ത്രക്രിയ എന്നിവ മൂലമുളള ന്യൂറോളജിക്കല്‍ തകരാറുകള്‍ തുടങ്ങിയ കാരണങ്ങളാല്‍ ശാരീരിക ശേഷി കുറയുന്നവര്‍ക്ക് ആശുപത്രി ചികിത്സ കഴിഞ്ഞാലും തുടര്‍ പരിചരണം ആവശ്യമാണ്. ചില രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയാലും ശരിയായ തുടര്‍ പരിചരണത്തിന് ബുദ്ധിമുട്ടുണ്ട്.
രോഗികള്‍ നേരിടുന്ന ഇത്തരം വെല്ലുവിളികള്‍ പരിഹരിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പുതിയ ഹെല്‍പ് ലൈന്‍ തുടങ്ങിയതെന്ന് ക്യുആര്‍ഐ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഹനാദി അല്‍ ഹമദ് വിശദീകരിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലെ പുനരധിവാസ ഇന്‍സ്റ്റിറ്റ്യൂട്ട് ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലാണ്.
എല്ലാ പ്രായക്കാര്‍ക്കുമുള്ള പുനരധിവാസ മെഡിസിന്‍ സേവനങ്ങള്‍, ഫിസിക്കല്‍ തെറപ്പി, ഒക്കുപേഷനല്‍ തെറപ്പി, സ്പീച്ച് തെറപ്പി എന്നിവയാണ് ക്യുആര്‍ഐ നല്‍കുന്നത്. 4026 0400 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.00 മുതല്‍ ഉച്ചയ്ക്ക് 3.00 വരെ സേവനം തേടാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.