
ദോഹ: ആഗോള അഴിമതി അവബോധ സൂചികയില്‍ അറബ് മേഖലയില്‍ ഖത്തര്‍ രണ്ടാം സ്ഥാനത്ത്. അഴിമതി കുറക്കുന്നതിലെ ലോകരാഷ്ട്രങ്ങളുടെ പ്രകടനം വിലയിരുത്തുന്നതാണ് സൂചിക. ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷനല്‍ തയാറാക്കിയ സൂചികയില്‍ ഒമാന് അറബ് മേഖലയില്‍ മൂന്നാംസ്ഥാനമുണ്ട്. യു.എ.ഇ ആദ്യസ്ഥാനത്തുണ്ട്. യു.എ.ഇയും ഖത്തറുമാണ് അറബ് മേഖലയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് നില അല്‍പം മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 81ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 78ാം സ്ഥാനത്താണുള്ളത്. നൂറില്‍ 41 മാര്‍ക്കാണ് ഇന്ത്യക്ക് ലഭിച്ചത്. 180 രാജ്യങ്ങളുടെ പട്ടിക 2018ലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് തയാറാക്കിയിട്ടുള്ളത്.
അഴിമതിയുടെ തോത് കണക്കിലെടുത്താണ് ഓരോ രാജ്യങ്ങള്‍ക്കും റാങ്കിങ് നല്‍കുന്നത്. കുറഞ്ഞതോതില്‍ അഴിമതിയുള്ള രാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ സ്‌കോര്‍ ലഭിക്കും. അഴിമതി ഒട്ടുമില്ലാത്ത രാജ്യത്തിന് നൂറും അഴിമതി ഏറ്റവുമധികമുള്ള രാജ്യത്തിന് പൂജ്യം സ്‌കോറുമാണ് നല്‍കുക. 100ല്‍ 62 മാര്‍ക്കാണ് ഖത്തറിന് ഈ വര്‍ഷം ലഭിച്ചത്. റാങ്കിങ് മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ കൈകൊണ്ട നടപടികളുടെ ഫലമാണ് ഈ നേട്ടമെന്ന് അധികൃതര്‍ അറിയിച്ചു. ഡെന്‍മാര്‍ക്കാണ് സൂചികയില്‍ ഒന്നാമത്.
നൂറില്‍ 88 മാര്‍ക്കാണ് ഡെന്‍മാര്‍ക്കിന് ഉള്ളത്. ന്യൂസിലന്‍ഡ്, ഫിന്‍ലന്റ്, സിംഗപ്പൂര്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍. സൊമാലിയ, തെക്കന്‍ സുഡാന്‍, സിറിയ എന്നിവയാണ് അവസാന സ്ഥാനങ്ങളില്‍. പടിഞ്ഞാറന്‍ യുറോപ്പും യൂറോപ്യന്‍ യൂണിയനുമാണ് ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ച രാജ്യങ്ങള്‍. 66 ആണ് ഈ മേഖലയിലെ രാജ്യങ്ങളുടെ ശരാശരി സ്‌കോര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.