Currency

ഖത്തറിനുള്ള സമയപരിധി ഇന്നവസാനിക്കും; ആശങ്കയില്‍ ഗള്‍ഫ് മേഖല

സ്വന്തം ലേഖകന്‍Sunday, July 2, 2017 2:29 pm

അല്‍ജസീറ ചാനല്‍ അടച്ചു പൂട്ടുക, തീവ്രവാദ ബന്ധമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നല്‍കുന്ന പിന്തുണ പിന്‍വലിക്കുക, ഇറാനുമായുള്ള ബന്ധം പരിമിതപ്പെടുത്തുക, തുര്‍ക്കിക്ക് സൈനിക കേന്ദ്രം ഒരുക്കാനുള്ള നടപടി ഉപേക്ഷിക്കുക ഉള്‍പ്പെടെയുള്ളവയാണ് ഉപാധികളില്‍ പ്രധാനം.

ദോഹ: പതിമൂന്നിന ഉപാധി നടപ്പാക്കുന്നതിന് ഖത്തറിന് നല്‍കിയ സമയപരിധി ഞായറാഴ്ച അവസാനിക്കും. സൗദി അനുകൂല രാജ്യങ്ങള്‍ മുന്നോട്ടു വെച്ച ഉപാധികള്‍ നടപ്പിലാക്കുന്നതിനുള്ള സമയപരിധിയാണ് അവസാനിക്കുന്നത്. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ജൂണ്‍ 23നാണ് ഇപാധി സമര്‍പ്പിച്ചത്.

കുവൈത്ത് അമീര്‍ മുഖേനയായിരുന്നു ഉപാധി സമര്‍പ്പിച്ചത്. അല്‍ജസീറ ചാനല്‍ അടച്ചു പൂട്ടുക, തീവ്രവാദ ബന്ധമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നല്‍കുന്ന പിന്തുണ പിന്‍വലിക്കുക, ഇറാനുമായുള്ള ബന്ധം പരിമിതപ്പെടുത്തുക, തുര്‍ക്കിക്ക് സൈനിക കേന്ദ്രം ഒരുക്കാനുള്ള നടപടി ഉപേക്ഷിക്കുക ഉള്‍പ്പെടെയുള്ളവയാണ് ഉപാധികളില്‍ പ്രധാനം. എന്നാല്‍ തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഉപാധികള്‍ അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് ഖത്തര്‍ തീര്‍ത്തു പറഞ്ഞു. ഉപാധികളുടെ പുറത്ത് ഇനി ചര്‍ച്ചയില്ലെന്ന് മറുപക്ഷവും വ്യക്തമാക്കി.

ഖത്തര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ഉപരോധ നടപടികള്‍ കൂടുതല്‍ കടുപ്പിക്കാന്‍ തന്നെയാകും സൗദി അനുകൂല രാജ്യങ്ങളുടെ നീക്കം. ജിസിസി കൂട്ടായ്മയില്‍ നിന്ന് ഖത്തറിനെ പുറന്തള്ളണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x