
ദോഹ: രാജ്യത്തെ നിലവിലുള്ള ഖത്തരി റിയാല്‍ കറന്‍സികള്‍ 2021 മാര്‍ച്ച് 19 മുതല്‍ അസാധുവാകും. 200 റിയാലിന്റെ പുതിയ കറന്‍സിയും ഡിസൈന്‍ മാറ്റത്തോടെയുള്ള പുതിയ നോട്ടുകളും ഡിസംബര്‍ 18 മുതല്‍ പ്രാബല്യത്തിലാകും. നാലാം സീരീസിലെ നിലവിലെ 1, 5, 10, 50, 100, 500 നോട്ടുകളാണു മാര്‍ച്ച് 19 മുതല്‍ അസാധുവാക്കുന്നത്. 200 റിയാലിന്റെ പുതിയ നോട്ടിനൊപ്പം നാലാം സീരീസിലെ നോട്ടുകളുടെ ഡിസൈനില്‍ മാറ്റം വരുത്തിയാണ് കഴിഞ്ഞ ദിവസം അഞ്ചാം സീരീസ് നോട്ടുകള്‍ പുറത്തിറക്കിയത്.
18 മുതല്‍ 90 ദിവസത്തിനകം പഴയ നോട്ടുകള്‍ പിന്‍വലിക്കും. പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 18 മുതല്‍ മാര്‍ച്ച് 19 വരെ പ്രാദേശിക ബാങ്കുകളില്‍ നിന്നും അതിനു ശേഷം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും നാലാം സീരീസിലെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും വികസനവും പ്രതിഫലിപ്പിച്ചു ഏറെ സവിശേഷതയോടെയാണ് അഞ്ചാം സീരീസ് നോട്ടുകള്‍ പുറത്തിറക്കിയത്.
ഡിസംബര്‍ അവസാനത്തോടെ 1,600 കോടി റിയാലിന്റെയും 2021 ജനുവരി അവസാനത്തോടെ 2,500 കോടി റിയാലിന്റെയും പുതിയ കറന്‍സികള്‍ ലഭ്യമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.