
ദോഹ: അടുത്ത അധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ഖത്തറിലെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ വീണ്ടും രംഗത്ത്. 120 ഓളം സ്കൂള്‍ അധികൃതര്‍ ഫീസ് വര്‍ധന ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തെ ഇതിനോടകം സമീപിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനം,വിദ്യാഭ്യാസ നിലവാരം എന്നീ കാര്യങ്ങളില്‍ മന്ത്രാലയത്തിന്റെ കര്‍ശന വ്യവസ്ഥകള്‍ മൂലം വർധിച്ച സാമ്പത്തിക ചെലവുകൾ ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ സ്കൂളുകള്‍ ഫീസ് വര്‍ധന ആവശ്യപ്പെടുന്നത്.
അതിനിടെ മന്ത്രാലയത്തിന്റെ അനുമതി കൂടാതെ യാതൊരു വിധത്തിലുള്ള ഫീസ് വര്‍ധനവും നടപ്പാക്കരുതെന്നും മാനേജ്മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷിതാക്കളുടെ വരുമാനം ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ പരിഗണിച്ചു മാത്രമേ ഫീസ് വര്ധിപ്പിക്കാനാകുകയുള്ളൂ എന്ന നിലപാടാണ് മന്ത്രാലയത്തിന്റേത്.
സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരത്തെ അടിസ്ഥാനമാക്കി രാജ്യത്തെ സ്വകാര്യ സ്കൂളുകളെ മൂന്നോളം വിഭാഗങ്ങളാക്കി തിരിക്കുന്ന കാര്യവും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.