Currency

സ്‌കൂള്‍ ഹാജര്‍ നിരക്ക് 50 ശതമാനമാക്കി ഉയര്‍ത്തി; കോവിഡ് മുന്‍കരുതല്‍ വ്യവസ്ഥകള്‍ നിര്‍ബന്ധം

സ്വന്തം ലേഖകന്‍Wednesday, December 30, 2020 5:28 pm

ദോഹ: അടുത്തമാസം മുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ നിരക്ക് 50 ശതമാനമാക്കി ഉയര്‍ത്തി. ക്ലാസ്മുറി- ഓണ്‍ലൈന്‍ മിശ്ര പഠന സംവിധാനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ശൈത്യകാല അവധിക്കു ശേഷം മൂന്നിനാണു സ്‌കൂളുകള്‍ തുറക്കുക. പത്തിനകം എല്ലാ സ്‌കൂളുകളും തുറക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം.

റോട്ടേറ്റിങ് ഹാജര്‍ സംവിധാനം 50 ശതമാനം ആക്കി ക്രമീകരിച്ചു കൊണ്ടുള്ള ഷെഡ്യൂള്‍ വേണം തയാറാക്കാന്‍. ഓരോ സ്‌കൂളുകളിലും ആദ്യ ആഴ്ചയില്‍ 50% വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയും 50% പേര്‍ ഓണ്‍ലൈനിലും പഠിക്കണം. ആദ്യ ആഴ്ചയില്‍ സ്‌കൂളിലെത്തിയവര്‍ക്ക് ഓണ്‍ലൈനിലും തിരിച്ചുമാണ് രണ്ടാം ആഴ്ച. ഇതു മാറി മാറി തുടരും. വിട്ടുമാറാത്ത രോഗമുള്ള വിദ്യാര്‍ഥികള്‍ അംഗീകൃത മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിയാല്‍ ഓണ്‍ലൈന്‍ മാത്രമായി തുടരാം. സെപ്റ്റംബര്‍ 1 മുതലാണ് മിശ്രപഠന സംവിധാനം ആരംഭിച്ചത്.

എല്ലാ സ്‌കൂളുകളിലും ഒരു ക്ലാസ് മുറയില്‍ പ്രതിദിനം പരമാവധി 15 വിദ്യാര്‍ഥികള്‍ മാത്രമേ പാടുള്ളു. ക്ലാസ്മുറികളിലെ ഡെസ്‌ക് തമ്മിലുള്ള അകലം 1.5 മീറ്റര്‍ ആയിരിക്കണം. വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിക്കണം. അതേസമയം കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ല. സ്‌കൂളുകളുടെ എന്‍ട്രി, എക്സിറ്റ് കവാടങ്ങളില്‍ അകലം പാലിച്ചു കൊണ്ടുള്ള ക്രമീകരണങ്ങള്‍ തുടരണം.

എല്ലാ സ്‌കൂളുകളിലും കോവിഡ് മുന്‍കരുതല്‍ വ്യവസ്ഥകള്‍ നിര്‍ബന്ധം. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. എല്ലാ അധ്യാപക- അനധ്യാപക ജീവനക്കാരും സ്‌കൂളുകളില്‍ മുഴുവന്‍ സമയവും ജോലി ചെയ്യണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x