Currency

സൈബര്‍ തട്ടിപ്പ്: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുതിയ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍Friday, January 3, 2020 12:39 pm

ദോഹ: സൈബര്‍ തട്ടിപ്പുകളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുതിയ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയകളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും മുന്നറിയിപ്പുകള്‍ നല്‍കിത്തുടങ്ങി. സോഷ്യല്‍ മീഡിയ വഴിയും മറ്റ് സൈബറിടങ്ങളിലൂടെയും സാമ്പത്തിക തട്ടിപ്പുള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചത്. തട്ടിപ്പുകാര്‍ ഉപയോഗിച്ച് വരുന്ന വ്യത്യസ്ത രീതികളെ കുറിച്ച് ക്യാമ്പയിനിന്റെ ഭാഗമായി ജനങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കും. തട്ടിപ്പിനായി ഉപയോഗിക്കുന്ന പ്രത്യേക തരം മെയിലുകള്‍, മെസ്സേജുകള്‍ എന്നിവ തിരിച്ചറിയാനുള്ള വഴികള്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മന്ത്രാലയം നല്‍കുന്നുണ്ട്.

അക്കൗണ്ട് സുരക്ഷിതമാക്കാനെന്ന വ്യാജേന പേഴ്‌സണല്‍ വിവരങ്ങള്‍ ഉടന്‍ മാറ്റണമെന്നാണ് ഇത്തരം മെസ്സേജുകളിലൂടെ തട്ടിപ്പുകാര്‍ പ്രധാനമായും വ്യക്തികളോട് ആവശ്യപ്പെടാറുള്ളത്. പേരും നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കുകയും അതുവഴി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയും ചെയ്യുകയാണ് പതിവ്.

അതിനാല്‍ തന്നെ ഇത്തരത്തിലുള്ള മെസ്സേജുകളോട് ഒരു കാരണവശാലും പ്രതികരിക്കരുതെന്നും പേഴ്‌സണല്‍ വിവരങ്ങള്‍ കൈമാറരുതെന്നും ക്യാമ്പയിന്റെ ഭാഗമായി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x