Currency

ദേശീയ കായിക ദിനാഘോഷത്തിനൊരുങ്ങി ഖത്തര്‍; പതിനൊന്നിന് രാജ്യത്ത് പൊതു അവധി

സ്വന്തം ലേഖകന്‍Monday, February 10, 2020 11:33 am

ദോഹ: ഒമ്പതാമത് ദേശീയ കായികദിനാഘോഷത്തിനായി ഖത്തര്‍ ഒരുങ്ങി. ഇതിന്റെ ഭാഗമായി കായിക ദിനമായ ഫെബ്രുവരി പതിനൊന്നിന് രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് അമീരി ദിവാനി അറിയിച്ചു. കായികാഘോഷങ്ങള്‍ക്കായി പൊതു അവധി നല്‍കുന്ന ഏക രാജ്യമെന്ന ബഹുമതിയും ഖത്തറിനാണ്. ഖത്തറിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും കമ്പനികളും സംഘടനകളും പ്രവാസി കൂട്ടായ്മകളും വെവ്വേറെയായി കായിക മേളകളും പ്രകടനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കും. വിവിധ സ്ഥാപനങ്ങളുടെ ആഘോഷ വേദികള്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

അമീരി ദിവാനിയും പബ്ലിക് പ്രോസിക്യൂഷന്‍ മന്ത്രാലയവും ചേര്‍ന്ന് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബിലും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ബറാഹ മുഷൈരിബിലും സാമൂഹ്യക്ഷേമകാര്യമന്ത്രാലയം പേള്‍ ഖത്തറില്‍ വെച്ചും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സാംസ്‌കാരിക കായിക മന്ത്രാലയം ഗതാഗത മന്ത്രാലയം പൊതുമരാമത്ത് മന്ത്രാലയം തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെയും ഖത്തര്‍ റെയില്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെയും ആഘോഷ പരിപാടികള്‍ അല്‍ബിദ പാര്‍ക്കില്‍ വെച്ചാണ് നടക്കുക. ഇതോടെ ദേശീയ കായിക ദിനാഘോഷങ്ങളുടെ പ്രധാനകേന്ദ്രമായി അല്‍ബിദ പാര്‍ക്ക് മാറും.

ഖത്തറിലെ അമ്പതോളം വരുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും കായിക ദിനത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്രയും ഹോട്ടലുകളിലെ ജിംനേഷ്യം, ഫിറ്റ്‌നെസ് സെന്ററുകള്‍, സ്പാ, റസ്റ്റോറന്റുകള്‍ എന്നിവകളില്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള മൂന്ന് ദിനങ്ങളില്‍ പ്രത്യേക നിരക്കിളവുകളാണ് നല്‍കുന്നത്. കായികദിനാഘോഷത്തിനായുള്ള മുഴുവന്‍ തയ്യാറെടുപ്പുകളും ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആഘോഷം നടക്കുന്ന ഇടങ്ങളിലും പൊതു സ്ഥലങ്ങളിലുമെല്ലാം കനത്ത സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x