
ദോഹ: ഖത്തറിലേക്കുള്ള യാത്രാ, പ്രവേശന വ്യവസ്ഥകള്‍ തുടരും. ചെറിയ ഭേദഗതിയോടെ പുതുക്കിയ വ്യവസ്ഥകള്‍ പ്രാബല്യത്തിലായി. ഖത്തര്‍ പ്രവാസികള്‍ക്ക് മടങ്ങിയെത്താനുള്ള എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് എന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.
സ്വദേശികള്‍ക്കും ഖത്തര്‍ താമസാനുമതി രേഖയുള്ള പ്രവാസികള്‍ക്കും രാജ്യത്തിനകത്തേക്ക് വരാനും പുറത്തേക്കും പോകാനുമുള്ള വ്യവസ്ഥകളാണ് ചെറിയ ഭേദഗതികളോടെ പുതുക്കിയത്. പുതിയ ഭേദഗതിയില്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പമല്ലാതെ ഒറ്റക്കെത്തുന്ന 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഹോം ക്വാറന്റീന്‍ അനുവദിച്ചു കൊണ്ടുള്ള വ്യവസ്ഥയും ഉള്‍പ്പെടുന്നു.
1. രാജ്യത്തിന് പുറത്ത് പോകാം: രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും എപ്പോള്‍ വേണമെങ്കിലും വിദേശയാത്ര നടത്താം. സന്ദര്‍ശനം നടത്തുന്ന രാജ്യത്തെ ക്വാറന്റീന്‍ നയം, കാലാവധി, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ അനിവാര്യത എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായി അറിഞ്ഞിരിക്കണം.
2. രാജ്യത്തേക്കുള്ള മടങ്ങി വരവ്: കോവിഡ്-19 വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തും. ഒരാഴ്ച വ്യവസ്ഥകള്‍ പാലിച്ച് വീട്ടില്‍ ക്വാറന്റീനില്‍ കഴിയാമെന്ന് പ്രതിജ്ഞാപത്രത്തില്‍ ഒപ്പിട്ട് നല്‍കണം. ക്വാറന്റീന്‍ പൂര്‍ത്തിയാകുന്നത് വരെ ഇഹ്തെറാസ് ആപ്ലിക്കേഷനില്‍ പ്രൊഫൈല്‍ നിറം മഞ്ഞ ആയിരിക്കും. ആറാമത്തെ ദിവസം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി കോവിഡ് പരിശോധന നടത്തണം. പോസിറ്റീവ് എങ്കില്‍ ഐസലേഷനില്‍ പ്രവേശിപ്പിക്കും. ഇഹ്തെറാസില്‍ പ്രൊഫൈല്‍ ചുമപ്പാകും. നെഗറ്റീവ് എങ്കില്‍ ഏഴാമത്തെ ദിവസം ഇഹ്തെറാസ് പച്ചയാകും. അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഖത്തര്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രമുള്ള രാജ്യത്ത് നിന്നാണ് വരുന്നതെങ്കില്‍ ദോഹയിലേക്കുള്ള യാത്രക്ക് 48 മണിക്കൂര്‍ മുമ്പ് നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ ദോഹയിലെത്തുമ്പോള്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കോവിഡ് പരിശോധന ഒഴിവാക്കാം.
സ്വദേശികള്‍, ഖത്തരി പൗരന്മാരുടെ ഭാര്യമാര്‍, മക്കള്‍, സ്ഥിരതാമസാനുമതി രേഖയുള്ളവര്‍ എന്നിവര്‍ ഡിസ്‌കവര്‍ ഖത്തര്‍ മുഖേന ക്വാറന്റീന്‍ ബുക്ക് ചെയ്താല്‍ ചെലവ് സ്വന്തമായി തന്നെ വഹിക്കണം. ഖത്തര്‍ സര്‍ക്കാരിന്റെ ചെലവില്‍ വിദേശത്ത് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തുന്ന രോഗികള്‍ക്കും ഒപ്പമുള്ള അവരുടെ സഹായികള്‍ക്കും പരിചരണത്തിനായി അയച്ച ഹെല്‍ത് വിഭാഗം ജീവനക്കാര്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമെങ്കില്‍ അതിന്റെ ചെലവ് ബന്ധപ്പെട്ട അതോറിറ്റികള്‍ വഹിക്കും.
3. മടങ്ങി വരവിന് പെര്‍മിറ്റ് നിര്‍ബന്ധം: ഖത്തര്‍ പ്രവാസികള്‍ക്ക് ദോഹയിലേക്ക് മടങ്ങിയെത്തണമെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധം. ഖത്തര്‍ പോര്‍ട്ടല്‍ മുഖേന പെര്‍മിറ്റിനായി അപേക്ഷിക്കണം. ഗാര്‍ഹിക തൊഴിലാളികള്‍, കമ്പനി ജീവനക്കാര്‍ എന്നിവര്‍ക്കായി കമ്പനിയോ തൊഴിലുടമയോ വേണം അപേക്ഷ നല്‍കാന്‍. കുടുംബത്തിനായി സ്പോണ്‍സറും അപേക്ഷിക്കണം. വിദഗ്ധ, അവിദഗ്ധ തൊഴിലാളികള്‍ക്കും ഗാര്‍ഹിക ജീവനക്കാര്‍ക്കും 14 ദിവസത്തെ ക്വാറന്റീന്‍ ചെലവ് തൊഴിലുടമ വേണം നല്‍കാന്‍. കുടുംബങ്ങള്‍ സ്വന്തം ചെലവിലും കഴിയണം.
4. ഹോം ക്വാറന്റീനില്‍ കഴിയാന്‍ അനുമതിയുള്ളവര്‍: .ഒരു വീട്ടില്‍ തന്നെയുള്ള കുടുംബാംഗങ്ങളും അവരുടെ സഹായികളും ആണെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിയാം. 55 വയസിന് മുകളിലുള്ളവര്‍. രക്ഷകര്‍ത്താക്കള്‍ ഒപ്പമില്ലാതെ എത്തുന്ന 18 വയസില്‍ താഴെയുള്ളവര്‍. അവയവ ശസ്ത്രക്രിയ, നട്ടെല്ല് മാറ്റിവെയ്ക്കല്‍, മജ്ജ മാറ്റിവെക്കല്‍ എന്നിവക്ക് വിധേയമായവര്‍. ഇമ്യൂണോസപ്രസീവ് തെറാപ്പി എടുത്തവര്‍. രക്തസമ്മര്‍ദത്തിന് ചികിത്സിക്കുന്നവര്‍, ഹൃദയ സംബന്ധമായ രോഗമുള്ളവര്‍. ആസ്തമ, അര്‍ബുദ രോഗികള്‍, വൃക്ക തകരാര്‍ ഉള്ളവര്‍, ഗുരുതരമായ കരള്‍ രോഗമുള്ളവര്‍, അവയവം മുറിച്ചുമാറ്റിയവര്‍, അപസ്മാരമുള്ളവര്‍, പ്രമേഹമുള്ളവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍, മാനസിക, സൈക്യാട്രിക് ചികിത്സയിലുള്ളവര്‍, ക്ലസ്‌ട്രോഫോബിയ ഉള്ളവര്‍. പ്രമേഹത്തെ തുടര്‍ന്ന് കാല്‍പാദത്തിന് ആരോഗ്യപ്രശ്നമുള്ളവര്‍ (ഡയബറ്റിക് ഫൂട്ട്), ദൈനംദിന കാര്യങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമുള്ള വൈകല്യമുള്ളവര്‍, ഗര്‍ഭിണികള്‍, അഞ്ചു വയസ് വരെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, അംഗപരിമിതിയുള്ളവര്‍, അംഗപരിമിതിയുള്ള കുട്ടികളും അവരുടെ അമ്മമാരും. യാത്രക്ക് 10 ദിവസം മുമ്പ് അടുത്ത ബന്ധുക്കള്‍ ആരെങ്കിലും മരിച്ചിട്ടുള്ളവര്‍.
5. ഇഹ്തെറാസ് നിര്‍ബന്ധം: വിമാനത്താവളത്തില്‍ എത്തുന്നവര്‍ സ്മാര്‍ട് ഫോണില്‍ കോവിഡ് അപകട നിര്‍ണയ ആപ്ലിക്കേഷനായ ഇഹ്തെറാസ് ഡൗണ്‍്ലോഡ് ചെയ്തിരിക്കണം. ഗൂഗിള്‍ പ്ലേ അല്ലെങ്കില്‍ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ മുഖേന ഇഹ്തെറാസ് ഡൗണ്‍് ലോഡ് ചെയ്യാം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഭരണനിര്‍വഹണ കാര്‍ഡുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍, വിവിഐപികള്‍ എന്നിവര്‍ക്ക് ഇഹ്തെറാസ് ബാധകമല്ല.
6. കൂടുതല്‍ വിവരങ്ങള്‍ക്ക്: എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് അന്വേഷണങ്ങള്‍ക്ക്: രാജ്യത്തുള്ളവര്‍ക്ക് 109, വിദേശത്തുള്ളവര്‍ക്ക് +974 4406 9999. വെബ്സൈറ്റ്: //portal.www.gov.qa/wps/portal/qsports/services/servicetDetail/exceptionalentrypermittoqatarservice
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.