
ദോഹ: ഇന്ത്യയില്‍ ചികില്‍സ തേടാന്‍ ആഗ്രഹിക്കുന്ന ഖത്തര്‍ പൗരന്‍മാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ സര്‍ക്കാര്‍. ഖത്തര്‍ കോണ്‍സുലാര്‍ സര്‍വീസ് വിഭാഗം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ചികിത്സയ്ക്കായുള്ള പ്രത്യേക ട്രീറ്റ്‌മെന്റ് വിസ നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുള്ള പുതിയ നിബന്ധനകളാണുള്ളത്.
ഇതനുസരിച്ച് ഇന്ത്യയിലേക്ക് ചികിത്സയ്ക്കായി പോകുന്ന ഖത്തരികളായ രോഗികള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ വിവിധ നിര്‍ദേശങ്ങള്‍ പാലിക്കണം. ചികില്‍സക്കായുള്ള പ്രത്യേക ട്രീറ്റ്‌മെന്റ് വിസയാണ് രോഗിക്ക് വേണ്ടത്. രോഗിയുടെ കൂടെ വരുന്നയാള്‍ക്ക് കംപാനിയന്‍ വിസയും വേണം. ദോഹയിലെ ഇന്ത്യന്‍ എംബസി വഴി ഈ വിസകള്‍ ലഭ്യമാകും. ചികില്‍സ തേടാന്‍ ആഗ്രഹിക്കുന്ന ആശുപത്രിയില്‍ നിന്നുള്ള കത്തും വേണം.
എത്ര കാലത്തേക്കാണ് ചികില്‍സ, പ്രതീക്ഷിക്കുന്ന ചികില്‍സാച്ചെലവ്, രോഗിയെ സ്വീകരിക്കാനുള്ള സന്നദ്ധത തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയതായിരിക്കണം ഈ കത്ത്. ആശുപത്രിയുടെ മുദ്രയും അധികാരികളുെട ഒപ്പും കത്തില്‍ ഉണ്ടായിരിക്കണം. ആവശ്യമെങ്കില്‍ വിസകാലാവധി നീട്ടാനും ഈ രേഖകള്‍ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ദോഹയിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശിക്കുകയോ എംബസിയുടെ വെബ്‌സൈറ്റ് നോക്കുകയോ വേണമെന്നും ഖത്തരി സ്വദേശികളോട് അധികൃതര്‍ ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.