Currency

ഖത്തറിലെ ഏറ്റവും വലിയ ഉം ലെഖ്ബ ഇന്റര്‍ചേഞ്ച് വര്‍ഷാവസാനം ഭാഗികമായി തുറക്കും

സ്വന്തം ലേഖകന്‍Monday, September 23, 2019 3:37 pm

ദോഹ: സബാഹ് അല്‍അഹ്മദ് ഇടനാഴി പദ്ധതിയുടെ ഭാഗമായ ഉം ലെഖ്ബ ഇന്റര്‍ചേഞ്ചിന്റെ പണികളില്‍ 72 ശതമാനവും പൂര്‍ത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍. ലാന്‍ഡ്മാര്‍ക്ക് ഇന്റര്‍സെക്ഷനെന്നും അറിയപ്പെടുന്ന ഖത്തറിലെ ഏറ്റവും വലിയ ഇന്റര്‍ചേഞ്ചാണിത്. ഇതിന്റെ വിവിധ ഭാഗങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ തുറക്കും. ബാക്കി 2020 അവസാനം വരെയുള്ള കാലയളവില്‍ വിവിധ ഘട്ടങ്ങളിലായി ഗതാഗതത്തിനായി തുറന്നുനല്‍കുമെന്ന് അശ്ഗാല്‍ പ്രോജക്ട് എന്‍ജിനീയര്‍ അലി ഇബ്രാഹിം പറഞ്ഞു.

2020 അവസാന പാദത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇവിടത്തെ ഗതാഗത സൗകര്യം ഗണ്യമായി മെച്ചപ്പെടും. യാത്രാ സമയത്തില്‍ 70 ശതമാനത്തിലധികം കുറവ് വരുത്താനും ഇതിലൂടെ സാധിക്കും. ദോഹ കോര്‍ണിഷ്, മാര്‍ഖിയ, മദീനത്ത് ഖലീഫ, ദുഹൈല്‍ എന്നിവിടങ്ങളില്‍നിന്ന് അല്‍ശമാല്‍ റോഡ്, സബാഹ് അല്‍അഹ്മദ് ഇടനാഴി, അല്‍ഗറാഫ, ഗര്‍റാഫത്ത് അല്‍ റയ്യാന്‍ എന്നീ ദിശകളിലൂടെ അല്‍ലുഖ്ത, അല്‍റയ്യാന്‍ എന്നിവിടങ്ങളിലേക്ക് വേഗമെത്താന്‍ ഇന്റര്‍ചേഞ്ച് സഹായിക്കും. 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍ചേഞ്ച് ഖത്തറിലെ ഏറ്റവും നീളമേറിയതാണ്. നാല് ലെവലുകളുള്ള ഇന്റര്‍ചേഞ്ച് ഖത്തറിലെ ആദ്യത്തേതാണെന്ന പ്രത്യേകതയുമുണ്ട്. ഒമ്പത് പാലങ്ങളാണ് പദ്ധതിയിലുള്ളത്. എല്ലാ ദിശകളിലേക്കും ഗതാഗതം സുഗമമാക്കുന്നതാണിത്.

മണിക്കൂറില്‍ 20,000ത്തിലധികം വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഒമ്പതു പാലങ്ങളില്‍ അഞ്ചെണ്ണം ഇരട്ടവരിയാണ്. ശേഷിക്കുന്നവ ഒറ്റവരിയും. ഖത്തറിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ ഇന്റര്‍ചേഞ്ച് കൂടിയാണ് ഉം ലെഖ്ബ. ജിറിങ് റോഡിലെ ഉംബിഷര്‍ ഇന്റര്‍ചേഞ്ചാണ് ഏറ്റവും ഉയരമേറിയത്. 36 മീറ്ററാണ് ഈ ഇന്റര്‍ചേഞ്ചിന്റെ ഉയരം. തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ഉംലെഖ്ബ ഇന്റര്‍ചേഞ്ച് ദോഹയുടെ വടക്കന്‍ കവാടമെന്നും വിതരണകേന്ദ്രമെന്നും അറിയപ്പെടുന്നു.

ദോഹ എക്‌സ്പ്രസ്വേ, അല്‍ മര്‍ഖിയ സ്ട്രീറ്റ്, സബാഹ് അല്‍അഹ്മദ് ഇടനാഴി എന്നിവയുമായി അല്‍ശമാല്‍ റോഡിനെ വിഭജിക്കുന്ന സുപ്രധാന സ്ഥലത്താണ് ഇന്റര്‍ചേഞ്ച് ഉള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x