Currency

ഖത്തറിലെ ഏറ്റവും നീളവും താഴ്ചയുമേറിയ തുരങ്കപാത ഗതാഗതത്തിനു തുറന്നു

സ്വന്തം ലേഖകന്‍Monday, January 14, 2019 1:15 pm

ദോഹ: ഖത്തറിലെ ഏറ്റവും നീളം കൂടിയതും താഴ്ചയേറിയതുമായ തുരങ്കപാത അഷ്ഗാല്‍ ഗതാഗതത്തിനു തുറന്നുകൊടുത്തു. 1.5 കിമീ നീളമുള്ള അടിപ്പാത ഭൂനിരപ്പില്‍ നിന്ന് 25 മീറ്റര്‍ ആഴത്തിലാണു കടന്നുപോകുന്നത്. ബു ഇറയ്യാന്‍ സ്ട്രീറ്റിനെ ലബ്ദേ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന 2.1 കിലോമീറ്റര്‍ റോഡിന്റെ ഭാഗമാണ് അടിപ്പാത.

കണ്‍ട്രോള്‍ ഇന്റര്‍സെക്ഷന്‍ എന്നറിയപ്പെടുന്ന ലബ്ദേ ഇന്റര്‍സെക്ഷന് അടിയിലൂടെയാണ് പാത കടന്നുപോകുന്നത്. അല്‍ ലുഖ്തക്കും അല്‍ വാബിനും ഇടയിലെ ഗതാഗതത്തിരക്ക് 65% വരെ കുറയ്ക്കാന്‍ പുതിയ അടിപ്പാതയ്ക്കാകുമെന്ന് അഷ്ഗാല്‍ പ്രോജക്ട് മാനേജര്‍ ജൂമ അല്‍ ബദര്‍ പറഞ്ഞു.

അല്‍ റയ്യാന്‍ നഗരത്തിലെ മൂന്നു പ്രധാന മെട്രോ സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിച്ചാണു റയ്യാന്‍ റോഡ് വികസനപദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നത്. അല്‍ ഷക്വാബ്, ഓള്‍ഡ് റയ്യാന്‍, ഗ്യാസ് സ്റ്റേഷന്‍ എന്നിവയാണിവ. ഇതിനു പുറമേ ബനി ഹാജര്‍, അല്‍ റയ്യാന്‍, ബാദി, അല്‍ വാബ്, ഹിത്മി എന്നീ പാര്‍പ്പിട മേഖലകളിലേക്കും സൗത്ത് ഖലീഫ നഗര പരിധിയിലേക്കുമുള്ള യാത്രാസൗകര്യങ്ങളും ഇതോടെ ഗണ്യമായി കൂടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x