
ദോഹ: ജോലിയില്‍ നിന്ന് വിരമിച്ചോ, അവധിക്കോ സ്വന്തം നാട്ടില്‍ പോകാന്‍ താല്‍പ്പര്യപ്പെടുന്ന പ്രവാസികള്‍ തൊഴില്‍ ഉടമയെ ഇക്കാര്യം മുന്‍കൂട്ടി അറിയിക്കണമെന്ന് നിയമം. പുതിയ കുടിയേറ്റ നിയമത്തിലെ ഭേഗഗതിയായാണ് ഇക്കാര്യം അംഗീകരിച്ചത്. വിദേശികളുടെ വരവും പോക്കും സംബന്ധിച്ചുള്ള പുതിയ നിയമം കഴിഞ്ഞ ഡിസംബര്‍ 14 മുതലാണ് രാജ്യത്ത് പ്രാബല്ല്യത്തിലായത്. ഈ നിയമത്തില്‍ ഭേദഗതി വരുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഒപ്പുവെച്ച 2017ലെ ഒന്നാം നമ്പര്‍ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഡിസംബര്‍ 14 ന് ഈ നിയമം നടപ്പാകും മുമ്പെ തന്നെ നിയമത്തിലെ ചില വകുപ്പുകള്‍ ദേദഗതി ചെയ്യണമെന്ന് ശൂറാകൗണ്‍സില്‍ ശുപാര്‍ശ ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഭേദഗതി. ശൂറാകൗണ്‍സില്‍ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയും അമീര്‍ ഒപ്പുവെക്കുകയും ചെയ്തതോടെ നിയമം പ്രാബല്ല്യത്തിലായി കഴിഞ്ഞു. ഭേദഗതി ചെയ്ത പുതിയ നിയമത്തില്‍ രണ്ട് ശ്രദ്ധേയ വ്യവസ്ഥകള്‍ പുതുതായുണ്ട്. 2015 ലെ ഒന്നാം നമ്പര്‍ നിയമത്തിലെ ഏഴാം വകുപ്പിന് പകരമായുള്ള വ്യവസ്ഥ പ്രകാരം പ്രവാസി രാജ്യത്ത് നിന്നും പുറത്തു പോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ തൊഴിലുടമയെ അറിയിക്കണം. ഇക്കാര്യം കരാറിലും ഉണ്ടാകും. തൊഴില്‍ അവസാനിച്ച് പോകുന്ന വിദേശികള്‍ തൊഴില്‍ കരാര്‍ കാലാവധിക്ക് മുമ്പ് നിശ്ചിത സമയ പരിധിക്കുള്ളില്‍തന്നെ തൊഴില്‍ ഉടമയെ ഇക്കാര്യം അറിയിക്കണം.
ഭേദഗതി ചെയ്ത രണ്ടാം വ്യവസ്ഥ പ്രകാരം നിയമം പ്രാബല്യത്തില്‍ വന്ന രണ്ടാം ദിവസം മുതല്‍ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും നിയമം നടപ്പാക്കണമെന്നും വ്യക്തമാക്കുന്നുണ്ട്. അതിനൊപ്പം ശ്രദ്ധേയമായ മറ്റൊരു കാര്യം വിദേശ തൊഴിലാളി രാജ്യം വിടുന്നതിനുമുമ്പ് മൂന്ന് ദിവസം മുമ്പായി തൊഴില്‍ മന്ത്രാലയത്തെ അറിയിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ അത് ഇനി തൊഴിലാളി തന്റെ തൊഴില്‍ ഉടമയെ അറിയിച്ചാല്‍ മതി. പുതിയ കുടിയേറ്റ നിയമപ്രകാരം തൊഴില്‍ ഉടമ തന്റെ തൊഴിലാളിക്ക് എക്‌സിറ്റ് പെര്‍മിറ്റിനുള്ള അപേക്ഷ നിരസിച്ചാല്‍ പ്രവാസിക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഗ്രിവന്‍സസ് കമ്മിറ്റിയെ സമീപിച്ച് പരാതിപ്പെടാം. മൂന്ന് ദിവസത്തിനകം കമ്മിറ്റിയുടെ നടപടി ഉണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.