ഖത്തറില്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിൽ നിയമനത്തിന് സ്വദേശികൾക്ക് മുൻഗണന നൽകുന്ന നിയമത്തിന് അമീർ അനുമതി നൽകി.
ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിൽ നിയമനത്തിന് സ്വദേശികൾക്ക് മുൻഗണന നൽകുന്ന നിയമത്തിന് അമീർ അനുമതി നൽകി. സ്വദേശികളല്ലാത്തവരെ സര്‍ക്കാര്‍ മേഖലയില്‍ നിയമിക്കുകയാണെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്ന് പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഖത്തർ പൗരന്മാർ കഴിഞ്ഞാൽ സ്വദേശികളല്ലാത്ത പുരുഷന്മാരെ വിവാഹം കഴിച്ച ഖത്തരി സ്ത്രീകളുടെയും വിദേശി വനിതകളെ വിവാഹം ചെയ്ത ഖത്തരി പുരുഷന്‍മാരുടെയും കുട്ടികള്‍ക്കായിരിക്കും തസ്തികകളിൽ മുൻഗണന ലഭിക്കുക. ഇവർക്ക് ശേഷം ഇതര ജിസിസി രാജ്യ പൗരന്മാർക്കും അറബ് വംശജർക്കും പരിഗണന ലഭിക്കും.
എന്നാൽ ഭരണ നിര്‍വഹണ വിഭാഗത്തിലെയും നീതിന്യായ വകുപ്പിലെയും ഖത്തര്‍ പെട്രോളിയത്തിലെയും ജീവനക്കാർക്ക് ഈ നിബന്ധന ബാധകമായിരിക്കില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം വിവിധ തസ്തികകളിലേക്ക് ആവശ്യമായ തൊഴിലാളികളെ കുറിച്ചുള്ള വിശദശാംശങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള തൊഴില്‍ ഘടനയ്ക്ക് രൂപം നല്‍കണമെന്നും നിർദേശമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.