Currency

ഖത്തര്‍ സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ മാര്‍ച്ച് മുതല്‍

സ്വന്തം ലേഖകന്‍Monday, February 18, 2019 11:53 am

ദോഹ: ഖത്തറിലെ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ മാര്‍ച്ച് മൂന്ന് മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ 17 വരെയാണ് രജിസ്‌ട്രേഷന്‍ സമയം. ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ഹമദ് അല്‍ ഗാലിയാണ് പുതിയ രജിസ്‌ട്രേഷന്‍ തിയതി പ്രഖ്യാപിച്ചത്.

വിദേശത്ത് നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള കാലാവധി 2020 ജനുവരി അവസാനം വരെയാണ്. 2016 സെപ്തംബര്‍ മുപ്പതിന് മുമ്പ് ജനിച്ച കുട്ടികള്‍ക്കാണ് കിന്റര്‍ഗാര്‍ട്ടനില്‍ പ്രവേശനം ലഭിക്കുക. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് 2014 സെപ്തംബര്‍ 30ന് മുമ്പ് ജനിച്ച കുട്ടികളുമാവണം.

സ്വകാര്യ സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികളും വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസമന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ സ്‌കൂള്‍ മേഖലയിലെ സീറ്റ് അപര്യാപ്തത പ്രശ്‌നത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മുതല്‍ രണ്ട് ഷിഫ്റ്റുകളിലായി അധ്യയനം ക്രമീകരിക്കാനും അനുമതിയായിട്ടുണ്ട്.

എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ശാന്തിനികേതന്‍ സ്‌കൂളുകളിലാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ഷിഫ്റ്റ് സമ്പ്രദായം ആരംഭിക്കുന്നത്. രാവിലെ മുതല്‍ ഉച്ചവരെ ഒരു ബാച്ചും ഉച്ചയ്ക്ക് ശേഷം അടുത്ത ബാച്ചും എന്ന രീതിയിലാണ് ഷിഫ്റ്റ് ക്രമീകരിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x