Currency

ഖത്തറിലെ പൈപ്പ് വെളളം ആരോഗ്യത്തെ ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Sunday, January 1, 2017 9:25 am

രാജ്യത്ത് കുടിക്കാനുപയോഗിക്കുന്ന വെള്ളത്തിന്റെ പകുതിയും ഉപ്പ് നീക്കി വരുന്ന കടല്‍വെളളമാണ്. ഈ വെളളത്തില്‍ ശരീരത്തിനാവശ്യമായ ധാതുക്കള്‍ ഉണ്ടാകില്ലെന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ പൊതുജനാരോഗ്യ ഗവേഷണ വിഭാഗം പ്രൊഫസറായ ഡോ. ജെറോ നിയാഗു പറഞ്ഞു.

ദോഹ: ഖത്തറിലെ കുടിവെളളം നിങ്ങളെ രോഗി ആക്കിയേക്കാമെന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കുടിവെളളം രാസവസ്തുക്കളില്‍ നിന്ന് മുക്തമാണെങ്കിലും മരുഭൂമിയായ ഖത്തറില്‍ ശുദ്ധജലമെന്നത് വെറും സ്വപ്നമാണ്. രാജ്യത്ത് കുടിക്കാനുപയോഗിക്കുന്ന വെള്ളത്തിന്റെ പകുതിയും ഉപ്പ് നീക്കി വരുന്ന കടല്‍വെളളമാണ്. ഈ വെളളത്തില്‍ ശരീരത്തിനാവശ്യമായ ധാതുക്കള്‍ ഉണ്ടാകില്ലെന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ പൊതുജനാരോഗ്യ ഗവേഷണ വിഭാഗം പ്രൊഫസറായ ഡോ. ജെറോ ന്രിയാഗു പറഞ്ഞു. ഖത്തര്‍ പരിസ്ഥിതി ഊര്‍ജ്ജ ഗവേഷണ കേന്ദ്രത്തിന്റെ ശില്‍പ്പശാലയില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഉപ്പ് നീക്കം ചെയ്ത ശേഷം ഇതിലെ പൈപ്പുകള്‍ക്ക് ക്ഷയമുണ്ടാക്കുന്ന വസ്തുക്കളെ നീക്കം ചെയ്യാനുളള പ്രവര്‍ത്തനങ്ങളും നടത്തുന്നു. ഇല്ലെങ്കില്‍ ഈ ജലം സുരക്ഷിതമായി പൈപ്പ് വഴി എത്തില്ല. എന്നാല്‍ ഈ ധാതുരഹിത വെളളം ജനങ്ങളിലുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അധികൃതര്‍ കാണാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ചുളള പഠനം ഉടന്‍ തന്നെ അദ്ദേഹം പ്രസിദ്ധീകരിക്കും. ഇത്തരം വെളളം ഉണ്ടാക്കുന്ന അര്‍ബുദ സാധ്യതകളെക്കുറിച്ചാണ് പഠനം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഇതിന് നേരിട്ട് അര്‍ബുദവുമായി ബന്ധമില്ല. എന്നാല്‍ ഇത് അര്‍ബുദമുണ്ടാക്കുന്ന ഹോര്‍മോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

കുടിവെളളത്തില്‍ ധാതുക്കളുടെ അഭാവത്തെക്കുറിച്ച് മുന്‍പ് നടത്തിയിട്ടുളള പഠനങ്ങളുടെ ചുവട് പിടിച്ചാണ് അദ്ദേഹവും പഠനം നടത്തിയിട്ടുളളത്. ലോകാരോഗ്യസംഘടനയും ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനായി ഇവര്‍ ചില മാരഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. പലരും രാജ്യത്ത് കുപ്പിവെളളമാണ് കുടിക്കാനുപയോഗിക്കുന്നത്. ഖത്തറിലെ പൈപ്പ് വെളളത്തിന്റെ നിലവാരമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. പലരും വീട്ടില്‍ അടുക്കളകളിലും കുളിമുറികളിലും അരിപ്പകളും സ്ഥാപിച്ചിട്ടുണ്ട്. പൈപ്പും സംഭരണികളും ഉയര്‍ത്തുന്ന വൃത്തിയില്ലായ്മയും ആരോഗ്യപ്രശ്‌നങ്ങളുമാണ് ഇത്തരമൊരു നടപടിയ്ക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഖത്തറിലെ വെളളത്തില്‍ വിഷമില്ലെന്ന് ന്രിയാഗുവും സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പല പോരായ്മകളുമുണ്ട്. ധാതുക്കള്‍ ചേര്‍ക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. ഇത് അത്ര ബുദ്ധിമുട്ടുളള കാര്യമല്ല. ഇതിനായി കൂടുതല്‍ സാങ്കേതികത ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x