
ദോഹ: ഖത്തര്‍ ലോകകപ്പ് സ്‌റ്റേഡിയങ്ങളില്‍ അന്തരീക്ഷ താപനില കുറക്കുന്നതിനുള്ള ശീതീകരണ സംവിധാനം കാര്‍ഷിക മേഖലയിലും ഉപയോഗിച്ച് തുടങ്ങി. ശീതീകരണ സംവിധാനത്തില്‍ നിന്നുള്ള ഉപകരണങ്ങള്‍ ലോകകപ്പ് സ്‌റ്റേഡിയങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്ന് ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ ശീതീകരണ സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ പദ്ധതികളാവിഷ്‌കരിക്കുകയാണെന്നും മറ്റു മേഖലകളിലേക്ക് കൂടി ഈ സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നത് നിരീക്ഷിച്ചു വരികയാണെന്നും അല്‍ തവാദി ചൂണ്ടിക്കാട്ടി. 2008ല്‍ അല്‍ സദ്ദില്‍ നടന്ന മത്സരത്തില്‍ ശീതീകരണ സംവിധാനം പരീക്ഷിച്ചിട്ടുണ്ടെന്ന് തവാദി ഗോള്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇന്ന് ഇതില്‍ നിന്നെല്ലാം ഏറെ പുരോഗമിച്ച് 60 ശതമാനത്തോളം ശീതീകരണ ക്ഷമതയുള്ള സംവിധാനമാണ് അല്‍ സദ്ദിനേക്കാളും കൂടുതല്‍ തുറസ്സായ സ്‌റ്റേഡിയമായ ഖലീഫ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ അമീര്‍ കപ്പ് ഫൈനലില്‍ ഉപയോഗിച്ചത്.
2022ല്‍ ഇതിന്റെ ഏറ്റവും മികച്ച രൂപമായിരിക്കും ലോകകപ്പിന് ഉപയോഗിക്കുകയെന്നും അദേഹം പറഞ്ഞു. ഖത്തറിനെ സംബന്ധിച്ച് കാലാവസ്ഥ എന്നത് ഏറ്റവും കൂടുതല്‍ ആശങ്കപ്പെടേണ്ട വിഷയമല്ലെന്നും അല്‍ തവാദി വിശദീകരിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.