Currency

വടക്കന്‍ മേഖലകളില്‍ കനത്ത മഴ; ജാഗ്രതാ നിര്‍ദേശം

സ്വന്തം ലേഖകന്‍Sunday, November 10, 2019 11:22 am

മസ്‌കത്ത്: തെക്കന്‍ ഇറാനില്‍ രൂപംകൊണ്ട തീവ്ര ന്യൂനമര്‍ദത്തിന്റെ ഫലമായി വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ കാറ്റും മഴയും. ഇടിയുടെ അകമ്പടിയോടെയാണ് മഴയെത്തിയത്. ആലിപ്പഴ വര്‍ഷവും ശക്തമായ പൊടിക്കാറ്റും നിരവധിയിടങ്ങളില്‍ ഉണ്ടായി. ശനിയാഴ്ച ഉച്ചക്കുശേഷം മുസന്ദമില്‍ നിന്നാണ് മഴയുടെ തുടക്കം. മുസന്ദമിലെ വിവിധയിടങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകി. ഷിനാസില്‍ ശക്തമായ കാറ്റില്‍ കാര്‍ഷെഡുകളുടെ അടക്കമുള്ള ഷീറ്റുകള്‍ പറന്നുപോയി. പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച തടസ്സപ്പെട്ടതോടെ വാഹനഗതാഗതവും മന്ദഗതിയിലായി.

സുഹാര്‍, സഹം, ഖാബൂറ തുടങ്ങിയയിടങ്ങളിലും സന്ധ്യയോടെ മഴയെത്തി. വാദികളും നിറഞ്ഞൊഴുകി. അല്‍ ഹെയ്‌ലില്‍ ശക്തമായ കാറ്റില്‍ കടപുഴകിയ മരങ്ങള്‍ നീക്കം ചെയ്തതായി മസ്‌കത്ത് നഗരസഭ അറിയിച്ചു. വടക്കന്‍ ബാത്തിന മേഖലയില്‍ വരും മണിക്കൂറുകളില്‍ കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നുകാട്ടി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശനിയാഴ്ച വൈകീട്ട് മുന്നറിയിപ്പ് സന്ദേശം പുറപ്പെടുവിച്ചിരുന്നു. ഇന്നും തിങ്കളാഴ്ചയും മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനത്തില്‍ വ്യക്തമാക്കുന്നു. ശക്തമായ മഴയെ തുടര്‍ന്ന് താപനിലയില്‍ കുറവുണ്ടായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x