ന്യൂഡല്‍ഹി: കോവിഡ് വ്യാപനം മൂലം രാജ്യാന്തര വിമാന സര്‍വീസ് നിര്‍ത്തിവച്ചതോടെ യാത്ര മുടങ്ങിയവര്‍ക്ക് മറ്റൊരു തീയതിയിലേക്കു ടിക്കറ്റ് മാറ്റി നല്കി തുടങ്ങി. കഴിഞ്ഞ മാര്‍ച്ച് മുതലുള്ള ടിക്കറ്റുകള്‍ 2021 ഡിസംബര്‍ 31 വരെ ഏതു ദിവസത്തേക്കും മാറ്റി നല്‍കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ല. എന്നാല്‍ മാറ്റുന്ന കാലത്തെ വിമാന ടിക്കറ്റ് നിരക്കിലെ വ്യത്യാസം യാത്രക്കാരന് നല്‍കേണ്ടിവരും.
എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റെടുത്തവര്‍ എയര്‍ലൈനുമായി നേരിട്ടും എയര്‍ ഇന്ത്യയില്‍ ടിക്കറ്റെടുത്തവര്‍ എയര്‍ലൈന്‍ ഓഫിസിലോ അതത് ട്രാവല്‍ ഏജന്‍സികളുമായോ ബന്ധപ്പെട്ടാല്‍ ടിക്കറ്റ് മാറ്റിക്കിട്ടും. ടിക്കറ്റ് എടുത്ത യാത്രക്കാരന്റെ പേരിലേക്കു മാത്രമേ മാറ്റി നല്‍കൂ. മറ്റൊരാളുടെ പേരിലേക്കു മാറ്റാനാവില്ല. യാത്ര വേണ്ടന്നു വയ്ക്കുന്നവര്‍ക്കു ടിക്കറ്റ് തുക തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ വിധി അനുസരിച്ചേ തീരുമാനമുണ്ടാകൂ.
യാത്ര മുടങ്ങിയ വിമാന ടിക്കറ്റുകള്‍ വന്ദേഭാരത് മിഷന് വിമാനത്തിലേക്കും മാറ്റി നല്‍കുന്നുണ്ട്. നേരത്തെ ഇതിന് അനുമതി ഉണ്ടായിരുന്നില്ല. പ്രസ്തുത സെക്ടറിലേക്കു നിലവില്‍ സര്‍വീസ് ഉള്ള ടിക്കറ്റുകളാണ് വന്ദേഭാരതിലേക്കു മാറ്റി നല്‍കുക. അല്ലാത്തവര്‍ക്ക് സാധാരണ വിമാന സര്‍വീസ് തുടങ്ങുന്ന തീയതിയിലേക്കു മാറ്റി നല്‍കും. സാധാരണ വിമാന സര്‍വീസ് പുനരാരംഭിച്ചിട്ടില്ലാത്തതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തിരക്കു കൂട്ടേണ്ടെന്നും സൂചിപ്പിച്ചു.
എമിറേറ്റ്സ്, ഫ്ലൈ ദുബായ്, സൗദിയ തുടങ്ങിയ വിദേശ എയര്‍ലൈനുകളില്‍ ടിക്കറ്റ് തുക തിരിച്ചെടുക്കാനോ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റാനോ സൗകര്യം ഉണ്ട്. യാത്ര ചെയ്യാനുദ്ദേശിച്ച തീയതി മുതല്‍ ഒരു വര്ഷത്തിനകത്തുള്ള തീയതിയിലേക്കു മാറ്റാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.