Currency

താമസയിടങ്ങളുടെ വാടക 15 ശതമാനം വരെ കുറഞ്ഞു; കാരണം വിദേശികളുടെ കൊഴിഞ്ഞുപോക്ക്

സ്വന്തം ലേഖകന്‍Saturday, October 19, 2019 1:35 pm

മസ്‌കത്ത്: ഫ്‌ലാറ്റുകളും അപ്പാര്‍ട്‌മെന്റുകളുമടക്കം താമസയിടങ്ങളുടെ വാടക ഈ വര്‍ഷവും കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പത്ത് മുതല്‍ 15 ശതമാനം വരെ കുറവാണ് ഉണ്ടായത്. ഒമാനിലെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ അല്‍ ഹബീബ് ആന്‍ഡ് കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാടക കുറയാന്‍ നിരവധി കാരണങ്ങളുണ്ടെങ്കിലും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന തസ്തികളില്‍ ജോലി ചെയ്തിരുന്ന വിദേശികളുടെ തുടരുന്ന കൊഴിഞ്ഞുപോക്കാണ് പ്രധാനപ്പെട്ടതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി ജോലി നഷ്ടപ്പെടുന്നതും മറ്റുമാണ് വിദേശികളുടെ കൊഴിഞ്ഞുപോക്കിന് കാരണം.

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഇനിയും തകര്‍ച്ചയുണ്ടാവാനും വാടക കുറയാനുമാണ് സാധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്. ദേശീയ സ്ഥിതി വിവര കേന്ദ്രം ഈ വര്‍ഷം ജൂലൈ 31 പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളികളുടെ എണ്ണം 17,45,000 ആണ്. കഴിഞ്ഞ വര്‍ഷം അവസാനത്തെ 17.87 ലക്ഷത്തില്‍നിന്നാണ് ഈ കുറവ് ഉണ്ടായത്. ഇതോടൊപ്പം ഫ്‌ലാറ്റുകള്‍ വാടകക്കെടുക്കുന്ന ഡിപ്ലോമയോ അതില്‍ ഉയര്‍ന്ന വിദ്യാഭ്യാസമോ ഉള്ള വിദേശികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും റിയല്‍ എസ്‌റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 30 മാസത്തിനുള്ളില്‍ ഈ വിഭാഗത്തില്‍ 13.17 ശതമാനം പേരുടെ കുറവുണ്ടായി.

1.59 ലക്ഷത്തില്‍ നിന്ന് 1.38 ലക്ഷമായാണ് ഈ വിഭാഗത്തിലുള്ളവര്‍ കുറഞ്ഞത്. ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയുമുള്ള വിദേശികളുടെ കൊഴിഞ്ഞുേപാക്ക് റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വന്‍ സമ്മര്‍ദമാണുണ്ടാക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പുതുതായെത്തുന്നവര്‍ നല്ല ഫ്‌ലാറ്റുകള്‍ ഉപയോഗിക്കുന്നില്ലെന്ന് മാത്രമല്ല നിലവിലുള്ളവര്‍ പോലും ചെലവ് കുറഞ്ഞ മെച്ചപ്പെട്ട താമസ ഇടങ്ങളിലേക്ക് മാറുകയാണ്. ചില വിദേശികള്‍ കുടുംബത്തെ നാട്ടിലേക്ക് അയക്കുകയും ചെറിയ താമസ ഇടങ്ങളിേലക്ക് മാറുന്നതും വാടക കുറയാന്‍ പ്രധാന കാരണമാവുന്നതായി റിപ്പോര്‍ട്ടിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x