Currency

റിപ്പബ്ലിക് അവധി: കേരളത്തിലേക്കുള്ള ഭൂരിഭാഗം ട്രെയിനുകളിലും ടിക്കറ്റ് തീര്‍ന്നു

സ്വന്തം ലേഖകന്‍Tuesday, January 3, 2017 2:42 pm

ബംഗളൂരു: റിപ്പബ്ലിക്ക് അവധിക്ക് കേരളത്തിലേക്കുള്ള ഭൂരിഭാഗം ട്രെയിനുകളിലും ടിക്കറ്റ് തീര്‍ന്നു. റിപ്പബ്ലിക് ദിനത്തിന് തൊട്ടു മുന്നിലുള്ള രണ്ടുദിവസങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. കേരള, കര്‍ണാടക ആര്‍.ടി.സി. ബസുകളിലും റിപ്പബ്ലിക് അവധിയോടനുബന്ധിച്ചുള്ള റിസര്‍വേഷന്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ചത്തെ അവസ്ഥ അനുസരിച്ച് രാത്രി എട്ടിന് പുറപ്പെടുന്ന കന്യാകുമാരി എക്‌സ്പ്രസില്‍ റിപ്പബ്ലിക്ക്ദിനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലൊന്നും സീറ്റ് ലഭ്യമല്ല. റിപ്പബ്ലിക്ദിനം വ്യാഴാഴ്ചയായതിനാല്‍ വെള്ളിയാഴ്ച അവധിയെടുക്കുകയും ശനിയും ഞായറും അവധിയാക്കുകയും ചെയ്താല്‍ നാലുദിവസം അടുപ്പിച്ച് അവധി ലഭിക്കുന്നതിനാല്‍ നിരവധി പേരാണ് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.

രാത്രി എട്ടിന് പുറപ്പെടുന്ന യശ്വന്ത്പൂര്‍ കണ്ണൂര്‍ എക്‌സ്പ്രസില്‍ 23നും 24നും ഏതാനും സീറ്റുകളുണ്ട്. എന്നാല്‍, 25ന് 285 ആണ് വെയ്റ്റിങ് ലിസ്റ്റ്. രാത്രി 8.30ന് പുറപ്പെടുന്ന കണ്ണൂര്‍ എക്‌സ്പ്രസിലും 23, 24 തീയതികളില്‍ ഏതാനും സീറ്റുകള്‍ ലഭ്യമാണ്. തിരക്ക് കൂടുതലുള്ള 25ന് 60 ആണ് വെയ്റ്റിങ് ലിസ്റ്റ്. അതേസമയം, രാവിലെ 6.15ന് പുറപ്പെടുന്ന എറണാകുളം എക്‌സ്പ്രസില്‍ സീറ്റുകള്‍ ലഭ്യമാണ്.

ഈസ്റ്റര്‍, വിഷു അവധിയോടനുബന്ധിച്ചും തീവണ്ടികളില്‍ റിസര്‍വേഷന്‍ പുരോഗമിക്കുകയാണ്. ഈസ്റ്ററിന് നാട്ടില്‍ പോകാനാഗ്രഹിക്കുന്നവര്‍ ഇപ്പോഴേ ബുക്ക് ചെയ്തില്ലെങ്കില്‍ ടിക്കറ്റ് കിട്ടുന്ന കാര്യം സംശയമാണ്. രാത്രി എട്ടിന് പുറപ്പെടുന്ന കന്യാകുമാരി എക്‌സ്പ്രസിലാണ് ഏറ്റവും കൂടുതല്‍ തിരക്ക്. ഈസ്റ്ററിന് ഇനി മൂന്നുമാസത്തിലധികം ഉള്ളതിനാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ടിക്കറ്റ് എല്ലാം തീരുമെന്നുറപ്പാണ്. അതേസമയം, കേരള, കര്‍ണാടക ആര്‍.ടി.സി. ബസുകളില്‍ ഈസ്റ്റര്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടില്ല. തീവണ്ടികളില്‍ ഇപ്പോള്‍തന്നെ ടിക്കറ്റുകള്‍ തീര്‍ന്നു തുടങ്ങിയതിനാല്‍ ബസുകളിലും വന്‍തിരക്കായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x