
മസ്‌കത്ത്: ഗതാഗതനിയമങ്ങള്‍ പാലിക്കാതെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം നിയമയംഘനം നടത്തുന്നവര്‍ക്ക് പിഴ ഈടാക്കും. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ തടവ് ശിക്ഷയും ലഭിക്കും. പത്ത് റിയാലാണ് പിഴ ചുമത്തുക. ആവര്‍ത്തിച്ചാല്‍ മൂന്നു മാസം തടവുശിക്ഷയടക്കമുള്ള നിയമനടപടികള്‍ നേരിടേണ്ടി വരും. ജേ വാക്കിങ് എന്നറിയപ്പെടുന്ന ഇത്തരം പ്രവൃത്തികള്‍ നിയമവിരുദ്ധവും അപകടകരവുമായ പ്രവണതയാണെന്ന് ആര്‍.ഒ.പി വക്താവ് പറഞ്ഞു.
കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍.ഒ.പി കര്‍ശന നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരം നിയമലംഘകരുടെ ചിത്രങ്ങള്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് എടുത്ത് കൈമാറാവുന്നതുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം നിരവധി നിയമലംഘകര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. റോയല്‍ ഡിക്രി 38/2016 പ്രകാരം കാല്‍നടയാത്രക്കാര്‍ മേല്‍പാലങ്ങള്‍, ടണലുകള്‍, കോറിഡോറുകള്‍, പ്രത്യേകം രേഖപ്പെടുത്തിയ ഭാഗങ്ങള്‍ എന്നിവയിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാന്‍ പാടുള്ളൂ.
റൂവിയിലും മറ്റും ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ റോഡ് മുറിച്ചുകടക്കുന്നവര്‍ പതിവ് കാഴ്ചയാണ്. മേല്‍പാലങ്ങള്‍ ഉപയോഗപ്പെടുത്താതെ സമയലാഭം നോക്കി റോഡ് മുറിച്ചുകടക്കുന്നവര്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.