
ദോഹ: ബാങ്കിങ് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഇനി റോബോട്ടുകളും. അല്‍ഖലീജ് കൊമേഴ്‌സ്യല്‍ ബാങ്ക്(അല്‍ഖലീജി) ആണ് ഖത്തറില്‍ ആദ്യമായി മനുഷ്യസാദൃശ്യമുള്ള രണ്ടു റോബോട്ടുകള്‍ അവതരിപ്പിച്ചത്. ബാങ്കിന്റെ ഉംലഖ്ബ ശാഖയിലാണ് കഴിഞ്ഞ ദിവസം റോബോട്ടുകള്‍ ‘ജോലി ചെയ്തത്’. ബാങ്കിലെത്തുന്ന സന്ദര്‍ശകരെ വരവേല്‍ക്കുന്നതു മുതല്‍ ബാങ്കിങ് ഇടപാടുകളില്‍ അവരെ സഹായിക്കുന്നതുള്‍പ്പടെയുള്ള സേവനങ്ങള്‍ വരെ റോബോട്ടുകള്‍ ചെയ്യും.
ബാങ്കിന്റെ ചില ഉപഭോക്തൃസേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമായ വിധത്തിലാണ് റോബോട്ടുകളെ നിര്‍മിച്ചിരിക്കുന്നത്. നാലടി ഉയരമുള്ള റോബോട്ടുകളില്‍ ടച്ച് സ്‌ക്രീനും ഘടിപ്പിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തനം. മനുഷ്യന്റെ വികാരം മനസ്സിലാക്കാന്‍ സാ ധിക്കുന്നവരും ഇടപെടുന്ന വ്യക്തിയുടെ അപ്പോഴത്തെ മാനസികനിലയനുസരിച്ച് സ്വഭാവം മാറ്റാന്‍ കഴിവുള്ളവരുമാണ് രണ്ട് പേരും.
വോയ്‌സ് കമാന്‍ഡ് നിര്‍വഹിക്കാനും റോബോട്ടിന് സാധിക്കും. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡിയിലും കസ്റ്റമര്‍ സെമിനാറുകളിലും തൊഴില്‍ മേളകളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും റോബോട്ടുകളുടെ പങ്കാളിത്തമുണ്ടാകും. ടോക്കിയോ കേന്ദ്രമായുള്ള സോഫ്റ്റ്ബാങ്ക് റോബോട്ടിക്‌സാണ് റോബോട്ടുകള്‍ വികസിപ്പിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.