Currency

നവംബര്‍ ഒന്നു മുതല്‍ ഖത്തറിലെ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധം

സ്വന്തം ലേഖകന്‍Thursday, October 22, 2020 5:37 pm

ദോഹ: നവംബര്‍ ഒന്നു മുതല്‍ ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധം. റൊട്ടേറ്റിങ് ഹാജര്‍ സംവിധാനം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂള്‍ പഠനം ക്ലാസ് മുറി- ഓണ്‍ലൈന്‍ മിശ്ര പഠന സംവിധാനം മാത്രമായി തുടരും.

അതാത് സ്‌കൂളുകള്‍ നല്‍കുന്ന ഷെഡ്യൂള്‍ പ്രകാരം വിദ്യാര്‍ഥികള്‍ നിശ്ചിത ദിവസം ക്ലാസിലെത്തി പഠിക്കണം. ക്ലാസില്‍ വരാത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിലും പങ്കെടുക്കണം. ഇതനുസരിച്ചാണ് ഹാജര്‍ കണക്കാക്കുന്നത്.

സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളുടെയും കിന്റര്‍ഗാര്‍ട്ടനുകളുടേയും പ്രവര്‍ത്തന ശേഷി മുപ്പതില്‍ നിന്ന് 42 ആക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിവാര റൊട്ടേറ്റിങ് ഹാജര്‍ ഷെഡ്യൂള്‍ പ്രകാരമായിരിക്കും ശേഷി വര്‍ധിപ്പിക്കുക. വിട്ടുമാറാത്ത രോഗമുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ക്ലാസിലെത്തിയുള്ള പഠനത്തില്‍ ഇളവ്. നേരത്തെയുള്ള തീരുമാന പ്രകാരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മാത്രം.

മിശ്ര പഠന സംവിധാനം അല്ലെങ്കില്‍ ഓണ്‍ലൈന്‍ പഠനം മാത്രമായി തിരഞ്ഞെടുക്കാമെന്ന തീരുമാനവും വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. പുതിയ തീരുമാന പ്രകാരം എല്ലാ വിദ്യാര്‍ഥികളും മിശ്ര പഠന സംവിധാനപ്രകാരം വേണം പഠനം തുടരാന്‍. ആദ്യ സെമസ്റ്ററിലെ അര്‍ധവാര്‍ഷിക പരീക്ഷക്ക് ശേഷം നവംബര്‍ ഒന്നു മുതലാണ് പുതിയ തീരുമാനങ്ങള്‍ നടപ്പാക്കുക. ഒക്ടോബര്‍ 25 ന് ആരംഭിക്കുന്ന അര്‍ധ വാര്‍ഷിക പരീക്ഷ നവംബര്‍ ഒന്നിനകം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കൂളുകള്‍, ടെക്നിക്കല്‍ സ്‌കൂളുകള്‍ എന്നിവക്കും ഹാജര്‍ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ബാധകമാണ്.

കോവിഡ്-19 മായി ബന്ധപ്പെട്ട ആരോഗ്യ സൂചകങ്ങള്‍, നിലവിലെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ എന്നിവ വിലയിരുത്തിയാണ് പുതിയ തീരുമാനങ്ങള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x