Currency

റൂവിയില്‍ ശക്തമായ പരിശോധന; 377 വിദേശികള്‍ പിടിയില്‍

സ്വന്തം ലേഖകന്‍Saturday, October 27, 2018 3:13 pm

മസ്‌കത്ത്: റൂവിയില്‍ വെള്ളിയാഴ്ച അതിരാവിലെ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 377 വിദേശികള്‍ പിടിയിലായി. പിടിയിലായവര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്നും അനധികൃതമായി ഒമാനില്‍ തങ്ങുന്നവരും തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചവരുമാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇവരില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുമെന്ന് പൊലീസ് അറിയിച്ചു.

റോയല്‍ ഒമാന്‍ പൊലീസും മാനവ വിഭവശേഷി മന്ത്രാലയവും സംയുക്തമായാണ് പരിശോധന നടത്തിയത്. റുവിയില്‍ അനധികൃത വിദേശ തൊഴിലാളികള്‍ വര്‍ധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ നിരവധി കുറ്റകൃത്യങ്ങളും അരങ്ങേറിയിരുന്നു. ചില ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭ കേന്ദ്രങ്ങളും നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. അടുത്തിടെ ഇത്തരക്കാരുടെ ശല്യം വര്‍ധിച്ചതോടെ അധികൃതര്‍ക്ക് പരാതിയും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ നിരീക്ഷണവും ശക്തമാക്കിയിരുന്നു.

കടകളിലേക്ക് കാന്‍വാസ് നടത്തുന്നവരുടെ ശല്യം വര്‍ധിച്ചതായും ഇത് തങ്ങളുടെ വ്യാപാരത്തെ ബാധിക്കുന്നതായും റൂവിയിലെ വ്യാപാരികള്‍ പരാതിപ്പെടുന്നു. വിസയോ ലേബര്‍ കാര്‍ഡോ ഇല്ലാത്ത ഇവര്‍ റൂവി നഗരത്തിലൂടെ വഴി നടക്കുന്നവരെ പിന്തുടരുകയും ഉള്‍ഭാഗത്തുള്ള കടകളിലേക്ക് കാന്‍വാസ് ചെയ്യുന്നതും സാധാരണ കാഴ്ചയാണ്.

അനധികൃത താമസക്കാരുടെ കേന്ദ്രമായാണ് റൂവി വിലയിരുത്തപ്പെടുന്നത്. നേരത്തേ പലപ്പോഴും അധികൃതര്‍ ഇവരെ പിടികൂടുന്നതിനായി ശക്തമായ നടപടികള്‍ എടുത്തിരുന്നു. നേരത്തേ രണ്ടു തവണ നടത്തിയ വന്‍ റെയ്ഡില്‍ ആയിരങ്ങള്‍ പിടിയിലായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x