Currency

സലാല ടൂറിസം ഫെസ്റ്റിവലിന് വര്‍ണാഭമായ സമാപനം

സ്വന്തം ലേഖകന്‍Saturday, August 24, 2019 3:51 pm

മസ്‌കത്ത്: സലാല ടൂറിസം ഫെസ്റ്റിവല്‍ സമാപിച്ചു. വര്‍ണാഭമായ കരിമരുന്ന് പ്രയോഗത്തോടെയും സംഗീത, നൃത്ത പരിപാടികളോടെയുമാണ് ഒരുമാസത്തിലധികം നീണ്ടുനിന്ന ഫെസ്റ്റിവലിന് ഔദ്യോഗികമായി വ്യാഴാഴ്ച തിരശ്ശീല വീണത്. കഴിഞ്ഞ ജൂലൈ 11നാരംഭിച്ച ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സാംസ്‌കാരിക- കലാ പരിപാടികള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ഷോപ്പിങ് മേള, സെമിനാറുകള്‍, വിവിധ തരം മത്സരങ്ങള്‍ തുടങ്ങിയവ ആയിരക്കണക്കിനാളുകളെയാണ് ആകര്‍ഷിച്ചത്.

വിവിധ ദിവസങ്ങളിലായി അറബ് ലോകത്തെ പ്രശസ്ത ഗായകരുടെ സംഗീത വിരുന്നും നടന്നിരുന്നു. ഫെസ്റ്റിവല്‍ ഔദ്യോഗികമായി സമാപിച്ചെങ്കിലും അന്താരാഷ്ട്ര ഷോപ്പിങ് പ്രദര്‍ശനവും പരമ്പരാഗത നൃത്തവും ഇലക്‌ട്രോണിക് ഗെയിമുകളും റെയിഡുകളും ഭക്ഷണശാലകളുമെല്ലാം ഫെസ്റ്റിവലിന്റെ പ്രധാന വേദിയായ ഇത്തീനിലെ നഗരസഭ റിക്രിയേഷന്‍ സെന്ററില്‍ ഈ മാസം 31 വരെ തുടരും.

ഫെസ്റ്റിവലിന്റെ ഭാഗമായി പ്രധാന വേദിക്ക് പുറമെ സംഹറം ടൂറിസ്റ്റ് വില്ലേജ്, ഇത്തീനിലെ അതീന ലാന്‍ഡ്, ദാരീസിലെ ഹഫാ സൂഖ്, തഖാ-മിര്‍ബാത്ത് തുടങ്ങിയ സ്ഥലങ്ങളിലും വിവിധ വിനോദ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഫെസ്റ്റിവല്‍ ഈ വര്‍ഷവും മികച്ച രീതിയില്‍തന്നെ പര്യവസാനിച്ചതായി ടൂറിസം ഫെസ്റ്റിവല്‍ ഡയറക്ടര്‍ തലാല്‍ അല്‍ മഷാലി പറഞ്ഞു. വ്യാഴാഴ്ചയാണ് സമാപന പരിപാടികള്‍ നടന്നതെങ്കിലും സമ്മാനദാനം വെള്ളിയാഴ്ചയാണ് നടന്നത്. ഈ വര്‍ഷം കൂടുതല്‍ സഞ്ചാരികള്‍ ഫെസ്റ്റിവല്‍ നഗരിയില്‍ എത്തിയതായും ഡയറക്ടര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x