Currency

സലാല ടൂറിസം ഫെസ്റ്റിവലിന് തുടക്കം

സ്വന്തം ലേഖകന്‍Tuesday, July 10, 2018 12:15 pm

സലാല: സലാല ടൂറിസം ഫെസ്റ്റിവലിന് ചൊവ്വാഴ്ച കൊടിയുയരും. ഇന്ന് മുതല്‍ ആഗസ്റ്റ് 25 വരെയുള്ള 47 ദിനരാത്രങ്ങള്‍ സലാലക്ക് ആഘോഷത്തിന്റേതായിരിക്കും. ഇത്തീനിലെ നഗരസഭാ റിക്രിയേഷനല്‍ സെന്ററിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഇവിടെ സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്.

ഒമാനിലെ ഏറ്റവും വലിയ മഴക്കാല ഉത്സവം വര്‍ണാഭമാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദോഫാര്‍ നഗരസഭാ ചെയര്‍മാനും ഫെസ്റ്റിവല്‍ സംഘാടക കമ്മിറ്റി മേധാവിയുമായ ശൈഖ് സാലിം ബിന്‍ ഔഫത്ത് അല്‍ ഷന്‍ഫരി ക്രൗണ്‍പ്ലാസ ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റിക്രിയേഷനല്‍ സെന്ററിന് പുറമെ ദോഫാര്‍ നഗരസഭ ലോകോത്തര നിലവാരത്തിലുള്ള അഞ്ച് ഹാളുകളും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. ഇവിടെ വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രദര്‍ശനം നടക്കും. കഴിഞ്ഞവര്‍ഷത്തെ ശ്രദ്ധേയ പരിപാടികള്‍ക്ക് പുറമെ വിവിധ തലങ്ങളിലുള്ള സാംസ്‌കാരിക, സാമൂഹിക, കായിക, കലാപരിപാടികള്‍ ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ ആകര്‍ഷണമായിരിക്കും. ജൂലൈ 23ന് നവോത്ഥാനദിനത്തിന്റെ ഭാഗമായി ഫെസ്റ്റിവല്‍ നഗരിയില്‍ പ്രത്യേക പരിപാടി ഒരുക്കുമെന്നും ശൈഖ് സാലിം അല്‍ ഷന്‍ഫരി പറഞ്ഞു.

ഇതാദ്യമായി ഫെസ്റ്റിവലിന്റെ ഭാഗമായി ഫൈന്‍ ആര്‍ട്‌സ് വിഭാഗങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഖത്തര്‍, ഈജിപ്ത്, തുനീഷ്യ, ഒമാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ക്ലബുകള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫുട്ബാള്‍ മത്സരവും ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ ആകര്‍ഷണമായിരിക്കുമെന്ന് അല്‍ ഷന്‍ഫരി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x